കോഴിക്കോട് നഗരമധ്യത്തിൽ പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസിൽ രണ്ടുപേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കിനാലൂർ സ്വദേശി അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ സ്വദേശി സജീർ (26) എന്നിവരാണ് പിടിയിലായത്. സ്ഥിരം കുറ്റവാളികളായ ഇവർക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ 30-ാം തീയതി രാത്രി പാളയത്ത് നിന്ന് പുഷ്പ ജംഗ്ഷനിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിയെ പ്രതികൾ സ്കൂട്ടറിൽ കയറ്റി നിർബന്ധപൂർവ്വം കൊണ്ടുപോവുകയായിരുന്നു. ജയലക്ഷ്മി സിൽക്സിന് എതിർവശത്തുള്ള പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളൊഴിഞ്ഞ കടമുറിയിലെത്തിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു
പിടിയിലായ രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സജീറിനെതിരെ മയക്കുമരുന്ന് ഉപയോഗം, വിൽപ്പന, പൊതുജനശല്യം തുടങ്ങിയ കുറ്റങ്ങൾക്ക് കോഴിക്കോട് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. അർഷാദ് ഹുസ്സൈൻ മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയാണ്. ഒറീസ്സയിൽ നിന്ന് 25 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ഇയാൾ നേരത്തെ ഒറീസ്സ പോലീസിന്റെ പിടിയിലാവുകയും രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കസബ പോലീസ് ഇൻസ്‌പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പൂനൂരിൽ നിന്നും കോഴിക്കോട് നിന്നുമായി കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
