Home » Blog » Kerala » എൽഡിഎഫിന്‍റെ കനത്ത തോൽവിക്ക് കാരണം പിണറായിയുടെയും മറ്റ് മന്ത്രിമാരുടേയും അഹങ്കാരം; സിപിഐ നേതാവ് അജിത് കൊളാടി
6

മലപ്പുറം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ അഹങ്കാരമാണ് എൽഡിഎഫിന് ഇത്ര വലിയ തോൽവിയുണ്ടാക്കിയതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തിരൂരങ്ങാടി എൽഡിഎഫ് സ്ഥാനാർഥിയുമായ അജിത് കൊളാടി. അഹങ്കാരത്തിൽ സംസാരിച്ചാൽ ജനം തിരിച്ചടിക്കുമെന്നും കമ്യൂണിസ്റ്റുകാർ നേരത്തെ തന്നെ എൽഡിഎഫിനെ മാറ്റാൻ തയാറെടുത്തിരുന്നുവെന്നും ഉള്ള അജിത് കൊളാടിയുടെ ശബ്ദസന്ദേശം പുറത്ത്.

തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനാണെന്ന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലും വിമർശനമുയർന്നു.പിണറായിക്ക് ലാളിത്യമില്ലെന്നും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജാവെന്ന് ഭാവിച്ചുവെന്നും വിമർശനമുണ്ട്. ജനങ്ങൾ തള്ളിയ ആളല്ല പ്രതിപക്ഷ നേതാവാകേണ്ടതെന്നും എൽഡിഎഫിൽ സിപിഐക്ക് പ്രസക്തിയില്ലാതായെന്നും അംഗങ്ങൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അണികൾക്കിടയിൽ നിന്ന് രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. മറയില്ലാതെ സംസാരിക്കാനും മുൻ വിധിയില്ലാതെ കേൾക്കാനും നേതൃത്വം തയാറാകണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ സിപിഎമ്മിൽ വീണ്ടും വിമർശിക്കാനുള്ള ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. തുറന്ന് വിമർശിക്കാമെന്ന് പറഞ്ഞപ്പോൾ നേതൃത്വം ഇത്രയേറെ വിമർശനങ്ങൾ പ്രതീക്ഷിച്ച് കാണില്ലെന്നാണ് വിലയിരുത്തൽ. പിണറായി വിജയനോട് മുൻകാലങ്ങളിൽ മൗനം പാലിച്ചവരെല്ലാം തുറന്നടിച്ചു തുടങ്ങി. പിണറായി വിജയൻറെ ശൈലി, വെള്ളാപ്പള്ളിയെ പിന്തുണച്ചത്, പിണറായിക്ക് ധാർഷ്ട്യം എന്ന പ്രചരണം, തോറ്റിട്ടും എന്തിന് പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നു എന്നുള്ള ചോദ്യം അടക്കം ഉയർന്നുവരുന്നുണ്ട്.

പാർട്ടി യോഗങ്ങളിൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരാൾ സംസ്ഥാന സെക്രട്ടറി തന്നെ. തളിപ്പറമ്പിൽ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർക്കാതിരുന്നതാണ് ഏറ്റവും വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ, എം. വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനങ്ങൾ പാർട്ടിക്ക് പരിക്കേൽപ്പിച്ചെന്ന് കുറ്റപ്പെടുത്തുന്നവരും ചില്ലറയല്ല.

വിവിധ ഘടകങ്ങളിലെ വിലയിരുത്തലിനു ശേഷം ജൂൺ ആദ്യവാരം സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണങ്ങൾ വിശദമായി പരിശോധിക്കും. വീഴ്ച പറ്റിയതെല്ലാം തിരിച്ചറിഞ്ഞ് തിരുത്തി ശക്തമായി തിരിച്ചുവരുമെന്നാണ് നേതാക്കൾ പറയുന്നത്.