താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര കലഹങ്ങൾ പുതിയ തലത്തിലേക്ക്. സംഘടനയുടെ വനിതാ നേതൃത്വം പരാജയപ്പെട്ടുവെന്നും നിലവിലെ നേതൃത്വം മാറണമെന്നും നടി മാലാ പാർവതി ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം ലജ്ജാകരമാണെന്നും അവർ പ്രതികരിച്ചു. പ്രസിഡന്റ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രണ്ട് ധ്രുവങ്ങളിലാണെന്ന് മാലാ പാർവതി ആരോപിച്ചു. താനടക്കം മുൻകൈ എടുത്താണ് വനിതാ നേതൃത്വം വരണമെന്ന് ആവശ്യപ്പെട്ടതെന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ മാപ്പപേക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.
ടിനി ടോമിനെതിരെ അൻസിബ ഹസൻ ഉന്നയിച്ച പരാതികൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്. താൻ നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് അൻസിബ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നതായും മാലാ പാർവതി വ്യക്തമാക്കി. അൻസിബയ്ക്ക് പിന്നാലെ നടി നീന കുറുപ്പും ടിനി ടോമിനെതിരെ ഔദ്യോഗികമായി പരാതി നൽകി. സംഘടനയുടെ കുടുംബമേളയ്ക്കിടെ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് ടിനി സംസാരിച്ചതെന്നും ഇത് ഇതാദ്യമായല്ലെന്നും നീന കുറുപ്പ് വ്യക്തമാക്കി. ആരോപണങ്ങൾ ഗൗരവകരമായതോടെ അൻസിബയെ നേരിട്ട് കേൾക്കാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയെങ്കിലും അക്കാര്യത്തിൽ അൻസിബ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജൂണിൽ നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് മുൻപായി പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാനാണ് ഭാരവാഹികളുടെ ശ്രമം.
