കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാലും ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യം ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ ഉറപ്പുനൽകി. ശമ്പളവും പെൻഷനും തമ്മിൽ സാമ്പത്തികമായി യാതൊരു ബന്ധവുമില്ലെന്നും, സൗജന്യ യാത്ര സർക്കാരിന്റെ പ്രത്യേക പദ്ധതിയാണെന്നും അതിനായി വ്യക്തമായ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സൗജന്യ യാത്ര നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യത വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപയും, ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടി രൂപയും നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകൾ. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിലായി നടപ്പിലാക്കിയാൽ 65 കോടി രൂപയുടെ ബാധ്യതയാകും ഉണ്ടാകുക.
തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ ‘ഇന്ദിരാ ഗ്യാരണ്ടി’കളിലൊന്നാണ് സ്ത്രീകൾക്കുള്ള സൗജന്യ യാത്ര. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഈ തീരുമാനം കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന വിമർശനവുമായി പ്രതിപക്ഷം ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
