Home » Blog » kerala Max » ഇൻസ്റ്റാമാർട്ട് വഴി ഇനി എൽപിജി സിലിണ്ടറും; വീടുകളിലെത്തിച്ച് പുതിയ സേവനം
gas-680x450

പാചകവാതക വിതരണത്തിൽ രാജ്യത്ത് ആദ്യമായി വൻ വിപ്ലവത്തിന് തുടക്കമിടുന്നു. എൽപിജി സിലിണ്ടറുകൾ ഇനി മുതൽ സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി ഉപഭോക്താക്കളുടെ വാതിൽപ്പടിയിലെത്തും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്പിസിഎൽ) സ്വിഗ്ഗിയും തമ്മിലുള്ള ഈ പുതിയ കരാർ, ഇ-കൊമേഴ്‌സ് രംഗത്ത് എൽപിജി വിതരണം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംരംഭമാണ്.

തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം ആരംഭിക്കുന്നത്. എച്ച്പിസിഎൽ പുതുതായി പുറത്തിറക്കിയ 10 കിലോഗ്രാം ഭാരമുള്ള ‘എച്ച്പി നവ്യ’ സിലിണ്ടറുകളും, 5 കിലോഗ്രാം സിലിണ്ടറുകളുമാണ് ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാനാവുക. നിലവിൽ ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്ക് പോലും ഈ സേവനം പ്രയോജനപ്പെടുത്താം. ജോലിസംബന്ധമായും പഠനത്തിനായും താമസസ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ചെറിയ കുടുംബങ്ങൾക്കും ഏറെ സഹായകരമാകുന്ന ഒരു ഫ്ലെക്സിബിൾ ഓപ്ഷനായാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.

സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ആപ്പ് വഴി ഉപഭോക്താക്കൾക്ക് സിലിണ്ടർ ഓർഡർ ചെയ്യാം. ആദ്യമായി വാങ്ങുന്നവർക്ക് ഇത് പുതിയ സിലിണ്ടർ പർച്ചേസ് ആയിട്ടായിരിക്കും ലഭിക്കുക. തുടർന്ന് റീഫിൽ ആവശ്യങ്ങൾക്കായി ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടർ തിരികെ നൽകിയാൽ മതിയാകും. എച്ച്പിസിഎല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴിയാണ് വിതരണം നടക്കുകയെന്നും, പരിശീലനം ലഭിച്ച ജീവനക്കാർ തന്നെയായിരിക്കും സിലിണ്ടറുകൾ സുരക്ഷിതമായി വീടുകളിൽ എത്തിക്കുകയെന്നും അധികൃതർ അറിയിച്ചു. ആദ്യത്തെ ഓർഡറിന് ഉപഭോക്താക്കൾ തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടത് നിർബന്ധമാണ്.

പലചരക്ക് സാധനങ്ങൾക്കപ്പുറം ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് മാറിയെന്ന് സിഇഒ അമിതേഷ് ഝാ പറഞ്ഞു. സുരക്ഷയും വിശ്വാസ്യതയും ഒട്ടും കുറയാതെ തന്നെ പാചകവാതക വിതരണം ഇൻസ്റ്റാമാർട്ടിലേക്ക് വ്യാപിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്ന് എച്ച്പിസിഎൽ മാർക്കറ്റിംഗ് ഡയറക്ടർ അമിത് ഗാർഗ് വ്യക്തമാക്കി. സിലിണ്ടറുകളുടെ വില സംബന്ധിച്ച വിവരങ്ങൾ ഉടൻ ലഭ്യമാകും.