Home » Blog » Health » എക്സറേ ഫിലിമില്ല: കമ്പ്യൂട്ടറിലെ ചിത്രം മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ഡോക്ടറെ കാണിക്കാൻ രോ​ഗികൾക്ക് നിർദേശം; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
8

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമുകളുടെ ക്ഷാമം രൂക്ഷം. ഇതോടെ രോഗികള്‍ക്ക് പരിശോധനാഫലങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നല്‍കുകയാണ് ചെയ്യുന്നത്. കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിക്കുന്ന എക്സറേ ചിത്രങ്ങള്‍ രോഗികളുടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് ഡോക്ടര്‍മാരെ കാണിക്കാനാണ് നിര്‍ദേശം. ഇതുമൂലം രോഗികളും ബന്ധുക്കളും വലിയ ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്.

ഫിലിം വിതരണം ചെയ്യുന്ന കമ്പനി വിതരണം താല്‍ക്കാലികമായി നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നല്ല ക്യാമറ നിലവാരമുള്ള മൊബൈല്‍ ഫോണ്‍ ഇല്ലെങ്കില്‍ ചിത്രങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയില്ലെന്നും രോഗികള്‍ പറയുന്നു. അതേസമയം, പ്രശ്നം ഇന്ന് തന്നെ പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെയും ഗുരുതര ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരുന്നു. കുത്തിവെപ്പിന് ശേഷം ശരീരത്തിനുള്ളില്‍ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് പരാതി. ആറന്മുള സ്വദേശിനിയായ 68-കാരി വത്സലയ്ക്കാണ് ദുരനുഭവമുണ്ടായത്. ഒരു വര്‍ഷത്തോളം ശരീരത്തിനുള്ളില്‍ സൂചിയുമായി കഴിഞ്ഞ ശേഷം നടത്തിയ ശസ്ത്രക്രിയയിലും മുഴുവന്‍ സൂചിയും പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് പരാതിക്കാരി പറയുന്നത്.