Home » Blog » Kerala » കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലാക്കരുത്; സൌജന്യ യാത്രാ ആനുകൂല്യങ്ങളിൽ മുൻ ധനമന്ത്രിയുടെ പ്രതികരണം
kozhikode-medical-college-88

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സാമ്പത്തിക മുന്നറിയിപ്പുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. പദ്ധതി നടപ്പിലാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ നേരിട്ട് നൽകണമെന്നും അല്ലാത്തപക്ഷം സ്ഥാപനം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കെ.എസ്.ആർ.ടി.സിയിലെ ടിക്കറ്റ് വരുമാനത്തിന്റെ പകുതി സബ്സിഡിയായി നൽകിയാൽ പ്രതിദിനം 2 കോടി രൂപ ചെലവ് വരും. സൗജന്യ യാത്ര നിലവിൽ വരുന്നതോടെ സ്വകാര്യ ബസുകളിലെ സ്ത്രീ യാത്രക്കാരും കെ.എസ്.ആർ.ടി.സിയിലേക്ക് മാറാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പ്രതിദിന ചെലവ് 2.5 മുതൽ 2.75 കോടി രൂപ വരെയായി ഉയരാം. ചുരുക്കത്തിൽ മാസത്തിൽ 75 മുതൽ 82 കോടി രൂപ വരെ ഇതിനായി മാത്രം സർക്കാർ കണ്ടെത്തേണ്ടി വരും.

 

നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 100 കോടിക്ക് പുറമെ ഈ തുക കൂടി സർക്കാർ നൽകണം. അതായത് മാസം 175-182 കോടി രൂപ സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സൗജന്യ യാത്രയുടെ ഭാരം കെഎസ്ആർടിസിയുടെ തലയിൽ വയ്ക്കരുത്. സബ്സിഡി തുക നൽകാൻ വൈകിയാൽ ഡീസൽ അടിക്കാൻ പണമില്ലാതെ സർവീസുകൾ മുടങ്ങുന്ന അവസ്ഥയുണ്ടാകമെന്നും ഇത് ജനങ്ങളുടെയും ജീവനക്കാരുടെയും വലിയ പ്രതിഷേധത്തിന് വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.