Home » Blog » Kerala » ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് വീണ്ടും കീഴടങ്ങി; ലത്തീന്‍ സഭയ്ക്കും തിരിച്ചടി
Congress-league

വി.ഡി.സതീശന്‍ മന്ത്രിസഭയില്‍ വകുപ്പ് വിഭജന വേളയില്‍ തന്നെ കോണ്‍ഗ്രസിന് ലീഗില്‍ നിന്നും തിരിച്ചടി. കോണ്‍ഗ്രസ് കൈവശം വെച്ച ഫിഷറീസ് വകുപ്പ് കയ്യില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇത് ലീഗിന് വിട്ടുകൊടുക്കേണ്ടി വന്നു. അതേസമയം ഉന്നത വിദ്യാഭ്യാസം കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തു. കേന്ദ്രത്തില്‍ നിന്നും ഒട്ടനവധി സഹായം ലഭിക്കുന്ന ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസിന്റെ കയ്യില്‍ തന്നെ നിലനിര്‍ത്തണം എന്ന ആവശ്യം ശക്തമായിരുന്നു. വകുപ്പ് ലീഗിന് നല്‍കുന്നതിന് എതിരേ ലത്തീന്‍ സഭയും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് തള്ളിയാണ് ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കിയത്.

ലീഗിലെ വി അബ്ദുള്‍ ഗഫൂര്‍ ആണ് ഫിഷറീസ് മന്ത്രി. വകുപ്പ് വിഭജന ചര്‍ച്ചകള്‍ ഇതുവരെ കീറാമുട്ടിയായി തുടരുകയായിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാര്‍ തന്നെ വകുപ്പുകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെയാണ് വകുപ്പ് വിഭജനം സങ്കീര്‍ണ്ണമായത്. അതേസമയം വകുപ്പ് വിഭ്ജനം പൂര്‍ത്തിയായി പട്ടിക ഇന്ന് ഗവര്‍ണര്‍ക്ക്‌ കൈമാറിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് ലീഗിനു നല്‍കുന്നതില്‍ ലത്തീന്‍ സഭ കടുത്ത എതിര്‍പ്പിലായിരുന്നു. തീരദേശത്തെ അറിയുന്ന ആള്‍ തന്നെ മന്ത്രിയായി വരണം എന്നതായിരുന്നു ലത്തീന്‍ സഭയുടെ നിര്‍ബന്ധം. കോവളത്ത് നിന്നും വിജയിച്ച എം.വിന്‍സെന്റിനെ മന്ത്രിയാക്കണം എന്നതായിരുന്നു ലത്തീന്‍ സഭയുടെ ആദ്യ ആവശ്യം.

എന്നാല്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ ഈ തീരുമാനം വെട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ബഹിഷ്ക്കരിക്കാനും ലത്തീന്‍ സഭ തീരുമാനിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് സഭയെ അനുനയിപ്പിക്കുകയായിരുന്നു. എന്നാല്‍ ഫിഷറീസ് വകുപ്പ് സഭയ്ക്ക് സ്വീകാര്യമായ ആള്‍ക്ക് നല്‍കണമെന്നും ലീഗില്‍ നിന്നും എടുത്ത് മാറ്റണമെന്നും സഭ നിര്‍ബന്ധം പിടിച്ചിരുന്നു. ഇതോടെ ലീഗില്‍ നിന്നും ഫിഷറീസ് ഏറ്റെടുക്കണം എന്ന തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഫിഷറീസ് വിട്ട് നല്‍കണമെങ്കില്‍ ഉന്നത വിദ്യാഭ്യാസം വിട്ട് നല്കണം എന്ന് ലീഗ് നിലപാട് എടുത്തു. ഇതോടെയാണ് ഉന്നത വിദ്യാഭ്യാസം ഏറ്റെടുത്ത് ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ നല്‍കിയത്. എവിടെയും ലീഗിന്റെ സമ്മര്‍ദ്ദ ശക്തി തന്നെയാണ് വിജയിച്ചത്. ഇതോടെ ഈ വിഷയത്തില്‍ കൃസ്ത്യന്‍ സഭകളുടെ രോഷം സര്‍ക്കാരിനെതിരെ ഉയരുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ ഇടത് സര്‍ക്കാരിലാണ് ഒരേ വകുപ്പായിരുന്ന വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും രണ്ട് വകുപ്പുകളായി തിരിച്ചത്. സതീശന്‍ സര്‍ക്കാരും ഇതേ രീതി തന്നെയാണ് പിന്തുടരാന്‍ തീരുമാനിച്ചത്. ഇതോടെയാണ് ഉന്നത വിദ്യാഭ്യാസം വേണമെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തത്. സതീശന്റെ മുഖ്യമന്ത്രി സ്ഥാനത്തിനു ശക്തമായ പിന്തുണ നല്‍കിയത് ലീഗായിരുന്നു. ലീഗിന്റെ വികാരം മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിയാതിരുന്നതുകൊണ്ടാണ് കെ.സി.വേണുഗോപാല്‍, ചെന്നിത്തല എന്നിവരെ വെട്ടി സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രി രൂപീകരണം മുതല്‍ തുടരുന്ന സമ്മര്‍ദ്ദം ലീഗ് തുടരുകയാണ് എന്ന സൂചന തന്നെയാണ് മന്ത്രിസഭാ രൂപീകരണവും നല്‍കുന്നത്.