Home » Blog » Home » കെ.വി.തോമസ്‌ ബി.എല്‍.സന്തോഷിനെ കണ്ടു; ബിജെപിയിലേക്ക് എന്ന് അഭ്യൂഹം
kv thomas

കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലെത്തിയ മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസ്‌ ബിജെപിയിലേക്ക് പോകാന്‍ സാധ്യത. അദ്ദേഹം ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തി. സന്തോഷിനെ കണ്ടോ എന്ന ചോദ്യത്തിന് പലരുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിയിലേക്ക് പോകുമെന്ന സാധ്യതകള്‍ കെ.വി.തോമസ്‌ തള്ളിയതുമില്ല. കോണ്‍ഗ്രസുമായി ഇടഞ്ഞാണ് അദ്ദേഹം സിപിഎമ്മില്‍ എത്തിയത്. 2019-ൽ ലോക്‌സഭാസ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസുമായി അകന്നു. തുടര്‍ന്ന് ഇടതുമുന്നണിയില്‍ എത്തി.

2022-ല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകാലത്ത് ഇടതുസ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കി. പിണറായി സര്‍ക്കാര്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിന് തിരിച്ചടി വന്നതോടെ അദ്ദേഹം പദവിയില്‍ നിന്നും രാജിവയ്ക്കുകയും ഓഫീസ് ഒഴിയുകയുമൊക്കെ ചെയ്തിരുന്നു. ബി.എല്‍.സന്തോഷുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം കെ.വി.തോമസ്‌ നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വാര്‍ത്തകള്‍. ഇതോടെയാണ് കെ.വി.തോമസ്‌ വീണ്ടും കൂടുമാറുന്നോ എന്ന സംശയം ഉയര്‍ന്നത്.

കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന യുപിഎ കാലത്ത് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. തിരുത മീന്‍ നയതന്ത്രത്തില്‍ വിദഗ്ദനാണ് കെ.വി.തോമസ്‌ എന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപം. കുമ്പളങ്ങിയുടെ സ്വന്തം തിരുത മീന്‍‌ നൽകിയാണ് തോമസ് നേതാക്കളുടെ മനം കവർന്നത്. കെ കരുണാകര‍നും ട് സോണിയാ ഗാന്ധിയുമെല്ലാം തിരുതയില്‍ വീണു. എന്നാല്‍ രാഹുൽ ഗാന്ധിയുടെ അടുത്ത് ഈ നയതന്ത്രം വിലപ്പോയില്ലെന്നും അതാണ്‌ കെ.വി.തോമസ്‌ കോണ്‍ഗ്രസ് വിടാന്‍ കാരണമായതെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ദേശീയ മാനേജ്മെന്റ് സമ്മേളനത്തിലെ മോദിയെ പ്രകീര്‍ത്തിച്ച പരാമര്‍ശവും തോമസിന് വിനയായി.

കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മോദിക്കു സാധിച്ചു എന്ന കെവി തോമസിന്റെ പരാമര്‍ശത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹവുമായി അകലുന്നത്. .കെ.വി.തോമസ്‌ ബിജെപിയിലെത്തുമോ അതല്ലെങ്കില്‍ മറ്റു സംസ്ഥാന സര്‍ക്കാരുടെ ഡല്‍ഹി പ്രതിനിധിയായി മാറുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.