Home » Blog » Kerala » “മൂന്നുവര്‍ഷത്തിനിടെ സോനയുടെ കുടുംബത്തില്‍ നിന്ന് ആരും അവളെ തിരിഞ്ഞ് നോക്കിയിട്ടില്ല, സ്വന്തം മകളെപ്പോലെയാണ് ഞങ്ങള്‍ നോക്കിയത്, രജിന്‍ലാലുമായി ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടായിരുന്നില്ല, അവളെന്തിനിത് ചെയ്തതെന്ന് ഞങ്ങള്‍ക്കും അറിയണം” – ഭര്‍തൃപിതാവ്
1

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് രജിൻലാലിന്റെ കുടുംബം. മരിച്ച സോനയും ഭർത്താവ് രജിൻലാലും തമ്മിൽ യാതൊരുവിധ കുടുംബപ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് രജിൻലാലിന്റെ പിതാവ് പറഞ്ഞു. സോനയെ സ്വന്തം മകളെപ്പോലെയാണ് തങ്ങൾ നോക്കിയതെന്നും അവൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നുവെന്നും രജിൻലാലിന്‍റെ പിതാവ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തെ വിവാഹ ജീവിതത്തിനിടയിൽ സോനയുടെ കുടുംബത്തിൽ നിന്നുള്ള ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇരുവരും തമ്മിൽ യാതൊരുവിധ അസ്വാരസ്യങ്ങളും ഉണ്ടായിരുന്നില്ല. ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും ഒന്നിച്ചാണ് സിനിമയ്ക്ക് പോയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സോന പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എന്തിനാണ് അവൾ ഇത് ചെയ്തതെന്ന് തങ്ങൾക്കും അറിയേണ്ടതുണ്ട്. അവന്റെ ഭാഗത്ത് നിന്നാണോ അവളുടെ ഭാഗത്ത് നിന്നാണോ ചെയ്തതെന്ന് അറിയണം. വീട്ടിൽ നിന്നാണ് ചെയ്തതെങ്കിൽ ഞങ്ങള് മൊത്തം പെട്ടേനേ” -രജിൻലാലിന്റെ പിതാവ് പറഞ്ഞു. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് വ്യക്തമായ തെളിവുകളോടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യമെന്തെന്ന് പുറത്തുകൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു.