ഒടിടി സ്ട്രീമിംഗുകളും പാൻ ഇന്ത്യൻ സിനിമകളും സജീവമായതോട് കൂടി മലയാള സിനിമകൾ ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവാറുണ്ട്. അനുരാഗ് കശ്യപ് മുതൽ കരൺ ജോഹർ വരെയുള്ള പ്രമുഖ ബോളിവുഡ് സംവിധായകർ മലയാള സിനിമകളെ പ്രശംസിച്ച് പലപ്പോഴും രംഗത്തെത്താറുമുണ്ട്. ഇപ്പോഴിതാ, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ഒരു മലയാള ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആസിഫ് അലി നായകനായി തിയേറ്ററുകളിൽ വൻ വിജയം നേടിയ ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തെയാണ് വാർണർ അഭിനന്ദിച്ചിരിക്കുന്നത്. ‘ബോർഗസ് ആൻഡ്രേ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന കിഷ്കിന്ധാകാണ്ഡത്തെ കുറിച്ചുള്ള ഒരു വീഡിയോ ഡേവിഡ് വാർണർ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റീ-ഷെയർ ചെയ്യുകയായിരുന്നു.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കിഷ്കിന്ധാ കാണ്ഡം തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ബാഹുൽ രമേശ് തിരക്കഥയൊരുക്കിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് ലഭിച്ചത്. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. ആസിഫ് അലിയെ കൂടാതെ വിജയരാഘവന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നിനും ഈ ചിത്രം സാക്ഷ്യം വഹിച്ചു. ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശും ഒടുവിൽ ഒന്നിച്ച ‘എക്കോ’ എന്ന ചിത്രവും മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആ ചിത്രത്തിൽ സന്ദീപ് പ്രദീപ് ആയിരുന്നു നായകൻ.
അതേസമയം, ‘ടിക്കി ടാക്ക’യാണ് ആസിഫ് അലിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സൂപ്പർഹിറ്റ് ചിത്രം ‘കള’യ്ക്ക് ശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ യുവതാരം നസ്ലെനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി വേഷമിടുന്നത്.
