Home » Blog » Kerala » ‘വിലക്കയറ്റം താങ്ങാനാവില്ല’; ഡൽഹിയിൽ വ്യാഴാഴ്ച മുതൽ 72 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്
taxi

ഡൽഹി: ഇന്ധനവില വർധനവിലും ടാക്സി നിരക്കുകൾ പുതുക്കാത്തതിലും പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. മേയ് 21 മുതൽ മേയ് 23 വരെ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിന്റെയും ‘ചാലക് ശക്തി യൂണിയന്റെയും’ നേതൃത്വത്തിലാണ് പ്രതിഷേധം.

കഴിഞ്ഞ 15 വർഷമായി ഡൽഹി-എൻ.സി.ആർ മേഖലയിൽ ടാക്സി നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പണപ്പെരുപ്പത്തിന് അനുസൃതമായി നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത ക്യാബ് കമ്പനികൾ ഡ്രൈവർമാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായി യൂണിയനുകൾ ആരോപിച്ചു.

സി.എൻ.ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനവിന് പുറമെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയ്ക്കുള്ള ചെലവ് വർദ്ധിച്ചതും ഡ്രൈവർമാരുടെ ഉപജീവനത്തെ ബാധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയായപ്പോൾ കുടുംബം പുലർത്താൻ പാടുപെടുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. മേയ് 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഡ്രൈവർമാരോട് ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് അഭ്യർത്ഥിച്ചു. ഡൽഹിയിലെ മറ്റ് അനുബന്ധ സംഘടനകളുമായി ഏകോപിപ്പിച്ചാണ് പണിമുടക്ക് നടത്തുന്നത്.