ന്യൂഡൽഹി: തെലങ്കാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കു തിരികൊളുത്തി ബിജെപി എംപി ധർമപുരി അരവിന്ദിന്റെ പരാമർശം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മറ്റൊരു സുവേന്ദു അധികാരിയാകുമെന്നും അദ്ദേഹം കോൺഗ്രസ് വിടുമെന്നും നിസാമാബാദ് എംപി ധർമപുരി അരവിന്ദ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മമതയ്ക്കൊപ്പം നിന്ന് തൃണമൂലിനായി പോരാട്ടം നയിച്ച സുവേന്ദു അധികാരി 6 വർഷങ്ങൾക്കു മുൻപാണ് ബിജെപിയിലെത്തിയത്. അതുപോലെ രേവന്ത് റെഡ്ഡിയും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് ധർമപുരി അരവിന്ദ് പറഞ്ഞത്.
രേവന്ത് റെഡ്ഡിയും സുവേന്ദു അധികാരിയും തമ്മിൽ താരതമ്യം ചെയ്ത ബിജെപി എംപി, ബിജെപിയിൽ ചേർന്നശേഷം മമത ബാനർജിയുടെ ഏറ്റവും ശക്തരായ എതിരാളികളിലൊരാളായി സുവേന്ദു അധികാരി മാറിയതും ചൂണ്ടിക്കാട്ടി. അടുത്ത തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോൽവി നേരിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘‘2028-29 ൽ തെലങ്കാനയിൽ കോൺഗ്രസ് അഭൂതപൂർവമായ തോൽവി നേരിടും. 1985ലും 1994ലും അവർ കനത്ത തോൽവി ഏറ്റുവാങ്ങി. 2028-29ൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ദുരന്തപരമായ പരാജയം നേരിടാൻ പോകുകയാണ്’’ – അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രേവന്ത് റെഡ്ഡിയെ ഉദ്ദേശിച്ച് നടത്തിയ പരാമർശത്തിനു ദിവസങ്ങൾക്കുശേഷമാണ് ബിജെപി എംപിയുടെ ഈ പ്രതികരണം എന്നത് രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. ‘‘നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നിടത്ത് എത്താൻ കഴിയില്ല… എന്നോടൊപ്പം ചേരുന്നതാണ് നല്ലത്’’ – എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഈ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കും വഴിവച്ചിരുന്നു. അതേസമയം, അന്നു വേദിയിലുണ്ടായിരുന്ന റെഡ്ഡി ഈ ക്ഷണത്തിനു പുഞ്ചിരിയോടെ മറുപടി നൽകുകയായിരുന്നു.
