Home » Blog » Kerala » പ്രീമിയം ബസുകളുടെ ഡിസൈനിംഗ്‌ ശരിയല്ല; ടയറുകൾ പതിവായി പഞ്ചറാകുന്നു
23

തൊടുപുഴ: ടയർ ക്ഷാമം മൂലം ഇടുക്കി ജില്ലയിൽ കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്ത്. മിക്ക ഡിപ്പോകളിലും 2-3 ബസുകളാണു ടയറില്ലാത്തതിന്റെ പേരിൽ കട്ടപ്പുറത്തിരിക്കുന്നത്. ഇതോടെ സർവീസ് വെട്ടിക്കുറച്ചു തുടങ്ങി. കൂടുതൽ വാഹനങ്ങൾ വരും ദിവസങ്ങളിൽ കട്ടപ്പുറത്താകുമെന്നാണു ജീവനക്കാർ പറയുന്നത്. കൂടാതെ കെഎസ്ആർടിസിയിൽ പുതിയതായി എത്തിയ പ്രീമിയം ബസുകളുടെ ടയർ പഞ്ചറാകുന്നതു പതിവാകുകയാണ്.

കഴിഞ്ഞ ദിവസം മുണ്ടക്കയത്തു പ്രീമിയം ബസിന്റെ ടയർ പൊട്ടിത്തെറിച്ചിരുന്നു. ബസിന്റെ ഡിസൈനിങ്ങിലെ പ്രശ്നമാണ് ടയറുകൾ പതിവായി പഞ്ചറാകാൻ കാരണമെന്നാണ് മെക്കാനിക്കൽ ജീവനക്കാർ പറയുന്നത്. പ്രീമിയം ബസുകൾ എത്തിയതോടെ മെക്കാനിക്കൽ ജീവനക്കാരുടെ ജോലിഭാരവും ഇരട്ടിയായി. എന്നാൽ ആവശ്യത്തിന് മെക്കാനിക്കുകൾ ഇല്ലാത്തതും പ്രതിസന്ധിക്കു കാരണമായി. മഴക്കാലം എത്തുന്നതോടെ ജില്ലയിൽ ടയറുകളെത്തിച്ച് പ്രതിസന്ധി ഒഴിവാക്കണം. മോശം ടയറിൽ ബസ് സർവീസ് നടത്തിയാൽ മഴക്കാലത്ത് വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾക്ക് സാധ്യതയുണ്ട്.