തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ അഭിനന്ദിച്ച് നടൻ ശിവകാർത്തികേയൻ രംഗത്തെത്തി. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒരു സഹപ്രവർത്തകൻ സംസ്ഥാനത്തിന്റെ ഉന്നത രാഷ്ട്രീയ പദവിയിലേക്ക് എത്തിയതിൽ തനിക്ക് വലിയ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘സേയോന്റെ’ പൂജാ ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം താൻ വിജയ്യെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നും, ഇത്രയും വലിയ രാഷ്ട്രീയ നേട്ടം കൈവരിച്ചിട്ടും അദ്ദേഹത്തിന് യാതൊരു മാറ്റവുമില്ലെന്നും ശിവകാർത്തികേയൻ പറഞ്ഞു. പഴയതുപോലെ തന്നെ വളരെ ശാന്തമായ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചതെന്നും തന്റെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നും നടൻ കൂട്ടിച്ചേർത്തു.
അമരൻ, പരാശക്തി എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയങ്ങൾക്ക് ശേഷം ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘സേയോൻ’. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൂറൽ മാസ് എന്റർടെയ്നർ ആയിരിക്കും. ‘തായ് കിഴവി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഭാഗ്യശ്രീ ബോർസെയാണ് നായികയായി എത്തുന്നത്. സന്തോഷ് നാരായണൻ സംഗീത സംവിധാനവും വിവേക് വിജയകുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞതോടെ ആരാധകർ വലിയ പ്രതീക്ഷയിലാണ്.
