Home » Blog » Kerala » തിരുവനന്തപുരത്തെ സത്യപ്രതിജ്ഞാ വേദിയിലെ വൈകാരിക നിമിഷം; സതീശനെ കെട്ടിപ്പിടിച്ച് അനുഗ്രഹിച്ച് അമ്മാളു അമ്മ, സാക്ഷിയായി രാഹുൽ
Screenshot_20260518_144112

രണ്ട് വലിയ ആഗ്രഹങ്ങളുമായാണ് പറവൂർ സ്വദേശിനിയായ അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. തന്റെ പ്രിയപ്പെട്ട മകൻ വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിൽ കാണണം, അവനെ ഒന്നു നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കണം. ആ ആഗ്രഹങ്ങളെല്ലാം സഫലമായതിന്റെ തികഞ്ഞ സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് അമ്മാളു അമ്മ ഇപ്പോൾ പറവൂരിലേക്ക് മടങ്ങുന്നത്. വി.ഡി. സതീശനെ മാത്രമല്ല, വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കെട്ടിപ്പിടിച്ച് അനുഗ്രഹിക്കാൻ ഈ അമ്മയ്ക്കായി.

രാവിലെ മുതൽ തന്നെ വി.ഡി. സതീശന്റെ ചിത്രവും കൈയിലേന്തി സദസ്സിൽ മുൻനിരയിൽ അമ്മാളു അമ്മ ഇടംപിടിച്ചിരുന്നു. മാധ്യമപ്രവർത്തകർ ഇവരെക്കുറിച്ച് നൽകിയ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ ഇടപെടുകയും അമ്മാളു അമ്മയെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പ്രളയകാലത്ത് പറവൂർ എം.എൽ.എയായിരുന്ന വി.ഡി. സതീശനാണ് സീതാലക്ഷ്മി അമ്മാളിനെ ചേർത്തുപിടിക്കുകയും ‘അമ്മാളു അമ്മ’ എന്ന് പേരിടുകയും ചെയ്തത്. അന്നുമുതൽ തുടങ്ങിയതാണ് ഈ അമ്മയും മകനും തമ്മിലുള്ള ഹൃദയബന്ധം.

സ്വന്തമായി മക്കളില്ലാത്ത അമ്മാളു അമ്മയ്ക്ക് വി.ഡി. സതീശൻ വെറുമൊരു ജനപ്രതിനിധിയല്ല, സ്വന്തം മകൻ തന്നെയാണ്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ മാധ്യമപ്രവർത്തകർ സതീശൻ മകനെപ്പോലെയാണോ എന്ന് ചോദിച്ചപ്പോൾ, “അവൻ എന്റെ മകൻ തന്നെയാണ്” എന്നായിരുന്നു അമ്മാളു അമ്മയുടെ വികാരാധീനമായ മറുപടി. സ്നേഹത്തിന്റെ ഈ അപൂർവ വേദി സാക്ഷ്യം വഹിച്ചത് രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു അമ്മമനസ്സിന്റെ വലിയ ആഗ്രഹസാഫല്യത്തിനായിരുന്നു.