ഇടുക്കി: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വിവാദ പരാമർശം നടത്തിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. സംഘടനാതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും പരാതി നൽകി.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് പരാതി നൽകിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിരന്തരം കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്നും പക്വതയില്ലാത്ത സമീപനമാണ് തുടരുന്നതെന്നും പരാതിയിൽ പറയുന്നു. സംഘടനയ്ക്ക് ദോഷകരമായ ഇത്തരം നിലപാടുകൾക്കെതിരെ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു. നേതാവിനെതിരെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ കോൺഗ്രസിനകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ പ്രകടനം നടത്തിയവർക്കെതിരെ സിപി മാത്യു നടപടിയെടുത്തിരുന്നു. എന്നാൽ ഇത് ശരിയായില്ലെന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ നിലപാട്. പിന്നാലെ ഡീൻ മൂക്കാതെ പഴുത്ത നേതാവാണെന്ന് സിപി മാത്യു വിമര്‍ശിച്ചു. എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായിരുന്നില്ലെന്നും സംഘടന നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ഒരു സഹായി എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സിപി മാത്യു വിമര്‍ശനം ഉന്നയിച്ചു. പിടി തോമസിൻ്റെ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനമെന്നും സിപി മാത്യു വിമര്‍ശിച്ചിരുന്നു. എംപി എന്നാൽ ‘മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്” എന്ന പരാമർശവും വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭിന്നശേഷിക്കാരനെ സിപി മാത്യു മർദ്ദിച്ച സംഭവവും വലിയ വിവാദമായിരുന്നു.
