Your Image Description Your Image Description

തൃശ്ശൂർ പൂരത്തിന് എത്തുന്നവരിൽ വിവിധ തരം ഇഷ്ടങ്ങളുള്ളവരുണ്ട്. ചിലർക്ക് മേളമാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് ആകാശത്ത് വർണരാജികൾ തീർക്കുന്ന വെടിക്കെട്ടിനോടാകും താത്പര്യം. വേറെ ഒരുകൂട്ടർ കുടമാറ്റം എന്ന അത്ഭുത വർണപ്രപഞ്ചത്തിന് സാക്ഷിയാകാനുള്ള തിരക്കുകൂട്ടലിലാകും. ഇനിയൊരു വിഭാ​ഗത്തിന് ഈ ആൾക്കൂട്ട നടുവിലൂടിങ്ങനെ നടക്കുന്നതാകും താത്പര്യം. എന്നാൽ, ഇത്തരത്തിലുള്ള എല്ലാവരുടെയും ശ്രദ്ധപതിയുന്ന ഒരു കൂട്ടരുണ്ട് – ആനകൾ. ആനകളോട് കമ്പമില്ലാത്ത മലയാളികൾ വളരെ കുറവാകും. കേരളത്തിലെ നാട്ടാനകളിൽ തന്നെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ​ഹീറോ. ആ രാമചന്ദ്രന്റെ കഥയാണിത്.

ഇക്കുറി തൃശ്ശൂർ പൂരത്തിന് തെട്ടിക്കോട്ടുകാവ് രാമചന്ദ്രനുണ്ടാകില്ല എന്നായിരുന്നു ഏവരും കരുതിയിരുന്നത്. വർഷങ്ങളോളം പൂരവിളംബരം ചെയ്ത് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്നെത്തിയിരുന്നത് രാമചന്ദ്രനായിരുന്നു. ഏഴു വർഷം മുമ്പാണ് ഈ ചുമതല എറണാകുളം ശിവകുമാർ ഏറ്റെടുത്തത്. ഇക്കൊല്ലം പൂരത്തിന് രാമനുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രൻ ഇക്കുറി ചെമ്പുക്കാവ് കാർത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുക. തൃശൂർ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമായ ചെമ്പുക്കാവിനായി രാമനെത്തുന്നതും ഇതാദ്യം.

13 കൊലക്കേസുകളുലെ പ്രതിയാണ് ആനകളിലെ ‘ഏകഛത്രാധിപതി’ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 13പേരെയാണ് ഈ ​ഗജവീരൻ കാലപുരിക്കയച്ചത്. എന്നിട്ടും മലയാളികൾക്ക് ഈ ആനയോടുള്ള ഇഷ്ടത്തിന് കുറവൊട്ടും വന്നിട്ടില്ല എന്നറിയുമ്പോഴാണ് ആനയഴകിന്റെ നേർരൂപമായ രാമചന്ദ്രന്റെ ജനകീയത നാം തിരിച്ചറിയുന്നത്.

‘ഏകഛത്രാധിപതി’ പട്ടം നേടിയ സംസ്ഥാനത്തെ ഏക ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. മോട്ടിപ്രസാദ് എന്ന ബീഹാറി ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായതിന് പിന്നിലും ഒരു കഥയുണ്ട്.

1964 ലാണ് ഈ ആനയുടെ ജനനം. അതും അങ്ങ് ബീഹാറിൽ. അവിടെ ഇവന്റെ പേര് മോട്ടിപ്രസാദ് എന്നായിരുന്നു.ബീഹാറിൽ മോട്ടിപ്രസാദ് എന്ന് പേരുള്ള ആന 1979ലാണ് കേരളത്തിലേക്കെത്തുന്നത്. 1979 ൽ തൃശൂർ സ്വദേശിയായ വെങ്കിടാചലാദ്രസ്വാമികളാണ് മോട്ടിപ്രസാദിനെ കേരളത്തിലെത്തിച്ചത്. ബിഹാറിലെ സോൺപൂർ മേളയിൽ നിന്നാണ് വെങ്കിടാചലാദ്രസ്വാമികൾ ഇവനെ കണ്ടെത്തുന്നത്.

കേരളത്തിലെത്തിച്ച മോട്ടിപ്രസാദിന് വെങ്കിടാദ്രി ഗണേശൻ എന്ന പേരുമിട്ടു. 1984-ൽ ആണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ഗണേശനെ നടക്കിരുത്തിയത്. ഇതോടെ ഗണേശൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി. സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടലിന് 340 സെന്റീമീറ്ററോളം നീളമുണ്ട്. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയ്യുമൊക്കെയാണ് രാമചന്ദ്രനെ ഗജരാജനാക്കിയത്. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കും വരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആനപ്രേമികൾ ഇവനെ ആരാധിക്കാൻ കാരണം.

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊമ്പനാണിത്. ഗജരാജ കേസരി, ഗജ സാമ്രാട്ട്, ഗജ ചക്രവർത്തി എന്നീ പേരുകളുള്ള രാമചന്ദ്രന് കേരളത്തിലും പുറത്തും വലിയ ആരാധകാവൃന്ദവും ഫാൻസ്‌ അസോസിയേഷനുമുണ്ട്. പ്രായമേറെയായതോടെ കാഴ്ചശക്തി വല്ലാതെ കുറഞ്ഞു എന്നാണ് പറയപ്പെടുന്നത്. പൊതുവിൽ ശാന്തനാണെങ്കിലും കൂട്ടാനയെ കുത്തുന്ന ചരിത്രമുണ്ട്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ചന്ദ്രശേഖരൻ എന്ന ആന രാമചന്ദ്രനാൽ ആക്രമിക്കപ്പെട്ട ശേഷം കുറച്ചു നാളുകൾക്കുള്ളിൽ ആന ചെരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *