കണ്ണൂർ: പരാജയം അംഗീകരിച്ചുവെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചുവരാൻ സാധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴാണ് ഗോവിന്ദന്റെ പ്രതികരണം. നല്ല നിലയിൽ സംഘടനാ പരിശോധനയും തിരുത്തലും നടത്തി, വർഗബഹുജന പ്രസ്ഥാനങ്ങൾ സജീവപ്പെടുത്തി, ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിരിച്ചുവരാൻ സാധിക്കും. പരാജയം അംഗീകരിച്ചു. പുതിയ സർക്കാർ വരാൻ പോകുന്നു. പ്രതിപക്ഷ മര്യാദയോടെയുള്ള നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
“കഴിഞ്ഞ തവണ സത്യപ്രതിജ്ഞ ഉൾപ്പെടെ യുഡിഎഫ് ബഹിഷ്കരിച്ചു. ഭരണത്തെയും ഭരണ സംവിധാനത്തേയും വികസനത്തേയും അംഗീകരിക്കില്ല എന്ന നിലപാട് അവർ സ്വീകരിച്ചു. ഞങ്ങൾ ആ നിലപാട് സ്വീകരിക്കില്ല. ക്രിയാത്മകമായ പ്രതിപക്ഷം എന്ന രീതിയിൽ ശരിയായതിനെ പൂർണമായി അംഗീകരിക്കും. തെറ്റായതിനെ ശക്തമായി വിമർശിക്കും. തിരുത്തി മുന്നോട്ടു പോകുന്നതിനു പ്രതിപക്ഷം എന്ന രീതിയിലുള്ള പിന്തുണ നൽകും. പാർട്ടി സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഏകകണ്ഠമായാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്.
പരാജയം സംബന്ധിച്ച വിമർശനപരായ പരിശോധന മൂന്ന് ദിവസമായി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിശദമായി പരിശോധിച്ചു. ആ പരിശോധനകൊണ്ട് പൂർണമാകില്ല എന്ന് കണ്ടു. വലിയ പരാജയമാണ് എൽഡിഎഫിനുണ്ടായത്. അതിന് നിരവധി കാരണങ്ങളുണ്ട്. ആ കാരണങ്ങൾ എല്ലാം പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികളിലേക്ക് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കേരളത്തിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം അവസാനത്തിലേക്കെത്തിയിരിക്കുന്നു എന്ന് ചില മാധ്യമങ്ങൾ പറയുന്നതിനോട് യോജിപ്പില്ല. പെട്രോൾ ഡീസൽ വില വർധനയിലൂടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്.” – ഗോവിന്ദൻ പറഞ്ഞു.
വെള്ളിയാഴ്ച സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ജില്ലാ കമ്മിറ്റിയും ചേരും. കണ്ണൂർ ജില്ലയിൽ വലിയ തിരിച്ചടിയാണ് സിപിഎമ്മിനുണ്ടായത്. പാർട്ടി നേതൃത്വം മാറണമെന്ന് ഉൾപ്പെടെ ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് യോഗങ്ങൾ നടക്കുന്നത്.
