ന്യൂഡൽഹി : ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന് നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചു. മേയ് 3ന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പരീക്ഷ പൂർണമായി റദ്ദാക്കിയത്. അക്കാദമിക് സെഷൻ വൈകാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് മാസത്തിലെ പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർഥികൾ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല. പഴയ അപേക്ഷകൾ തന്നെ പരിഗണിക്കും. പുനഃപരീക്ഷയ്ക്കായി ഉദ്യോഗാർഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ല. നേരത്തെ അടച്ച ഫീസ് തിരിച്ചു നൽകും. എല്ലാ വിദ്യാർഥികൾക്കും പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുതിയ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി വിതരണം ചെയ്യും. വിദ്യാർഥികൾ തിരഞ്ഞെടുത്ത പരീക്ഷാ നഗരങ്ങളിൽ മാറ്റമുണ്ടാകില്ലെങ്കിലും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി അനുവദിക്കാൻ സാധ്യതയുണ്ട്.
