Home » Blog » Kerala » ചെന്നിത്തലയ്ക്ക് ആഭ്യന്തരം?, വിഡി സതീശന്‍റെ മന്ത്രിസഭയില്‍ ആരൊക്കെ?
9

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവമായി. തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് നിലവിലെ ആലോചന. 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും ലഭിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയിലായിരിക്കുന്ന രമേശ് ചെന്നിത്തലയുടെ നിലപാട് മന്ത്രിസഭ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര വകുപ്പ് നല്‍കി അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ സി വേണുഗോപാല്‍ പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം മന്ത്രിസഭയില്‍ ലഭിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ മുരളീധരന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. എന്‍ ശക്തന്‍, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, മാത്യു കുഴല്‍നാടന്‍, എ പി അനില്‍കുമാര്‍, ടി സിദ്ദിഖ്, കെ ജയന്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇവരില്‍ ഒരാള്‍ സ്പീക്കറാകാനാണ് സാധ്യത. ജാതി-മത സമവാക്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ പട്ടിക തയാറാക്കുക.

അതേസമയം, മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസ് ഇതിനകം തന്നെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സി എം പിയില്‍ നിന്ന് സി പി ജോണ്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. മാണി സി കാപ്പന്‍, കെ കെ രമ എന്നിവര്‍ക്ക് എല്‍ഡിഎഫ് മാതൃകയില്‍ പങ്കിട്ട മന്ത്രിസ്ഥാനം നല്‍കുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന. മുസ്ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരുടെ പേരുകളാണ് സജീവമായി ചര്‍ച്ചയിലുള്ളത്.