രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സൂചിപ്പിക്കുന്ന ഏഴ് കർശന നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. വീട്ടിലിരുന്ന് ജോലി ചെയ്യുക, സ്വർണ്ണ ഉപഭോഗം കുറയ്ക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, വിദേശയാത്രകളും വിദേശ ഉൽപ്പന്നങ്ങളും ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മുൻകാലങ്ങളിൽ ഒരു പ്രധാനമന്ത്രിയും ഇത്രയധികം തീവ്രതയോടെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചിട്ടില്ലെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഇറാൻ-അമേരിക്ക സംഘർഷം ലോകത്തെ മുഴുവൻ ബാധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ മാത്രം ഇത്രയും കഠിനമായ നടപടികളിലേക്ക് നീങ്ങുന്നത് എന്തുണ്ടായാണെന്ന് വ്യക്തമാക്കണമെന്നും രാജ്യത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കേന്ദ്രം ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ ത്യാഗങ്ങളുടെയും ഭാരം സാധാരണക്കാരിലും മധ്യവർഗത്തിലും മാത്രം അടിച്ചേൽപ്പിക്കുന്നത് എന്തിനാണെന്ന് കെജ്രിവാൾ ചോദ്യം ചെയ്തു. രാജ്യം പ്രതിസന്ധിയിലാണെങ്കിൽ ആദ്യത്തെ ത്യാഗം സർക്കാരിന്റെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭരണാധികാരികളും ഉദ്യോഗസ്ഥരും തങ്ങളുടെ ആഡംബരങ്ങളും വിദേശയാത്രകളും ചിലവുകളും കുറയ്ക്കാൻ തയ്യാറാകാതെ സാധാരണക്കാരോട് മാത്രം ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെടുന്നത് നീതിയല്ല. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ അതിസമ്പന്നരോടും ശതകോടീശ്വരന്മാരോടും ഇത്തരം ത്യാഗങ്ങൾ ചെയ്യാൻ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ജനങ്ങളുടെ മനസ്സിൽ വലിയ ആശങ്കകളും കിംവദന്തികളും പടരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് നല്ലതല്ലെന്ന് കെജ്രിവാൾ ഓർമ്മിപ്പിച്ചു. രാജ്യസ്നേഹികളായ പൗരന്മാർ ഇന്ത്യയുടെ പുരോഗതിക്കായി ഏത് കടുത്ത തീരുമാനവും ഏറ്റെടുക്കാൻ തയ്യാറാണെന്നും, എന്നാൽ മധ്യവർഗത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരും മാസങ്ങളിൽ രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന യഥാർത്ഥ സാഹചര്യം സുതാര്യമായി വെളിപ്പെടുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും, സർക്കാരും സമ്പന്നരും ഉദ്യോഗസ്ഥരും ഒരേപോലെ പങ്കുചേരുന്ന ഒരു കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
