Home » Blog » kerala Max » സച്ചിനെപ്പോലെ വൈഭവിനെയും കളത്തിലിറക്കണം; 15-കാരനെ ടെസ്റ്റ് ടീമിലെടുക്കാൻ ബിസിസിഐ ധീരത കാട്ടണമെന്ന് സുബിൻ ബറൂച്ച
VAIBHAVH

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മെന്റർ സുബിൻ ബറൂച്ച. രാജസ്ഥാൻ റോയൽസിന്റെ ഹൈ-പെർഫോമൻസ് ഡയറക്ടറായ ബറൂച്ച, വൈഭവിനെ ടീമിലെടുക്കുന്നത് സച്ചിൻ ടെണ്ടുൽക്കറെ പാകിസ്ഥാനെതിരെ കളത്തിലിറക്കിയ പഴയ ധീരമായ തീരുമാനത്തിന് തുല്യമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ബിഹാർ സ്വദേശിയായ ഈ യുവതാരം നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തുന്ന വെടിക്കെട്ട് പ്രകടനങ്ങൾ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

വൈഭവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വലിയ പരിചയസമ്പത്തില്ലെങ്കിലും അവന്റെ പ്രതിഭ മറ്റാരേക്കാളും മുന്നിലാണെന്ന് ബറൂച്ച ചൂണ്ടിക്കാട്ടി. സ്കോറും സ്ട്രൈക്ക് റേറ്റും പരിശോധിച്ചാൽ വൈഭവ് മറ്റ് താരങ്ങളെക്കാൾ ഏറെ ഉയരത്തിലാണ്. നിലവിൽ ഓപ്പണിങ് പൊസിഷനിൽ കളിക്കുന്ന താരം ടെസ്റ്റ് ടീമിൽ ലോവർ മിഡിൽ ഓർഡറിലാകും കൂടുതൽ അനുയോജ്യനെന്നും അദ്ദേഹം നിരീക്ഷിച്ചു. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ ബാറ്റ് ചെയ്യുന്ന സ്ഥാനത്ത് വന്ന് അതിവേഗം റൺസ് അടിച്ചുകൂട്ടാൻ വൈഭവിന് സാധിക്കുമെന്നാണ് ബറൂച്ചയുടെ പക്ഷം. ബിസിസിഐ യുവതാരത്തിൽ വിശ്വാസമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.