Home » Blog » kerala Max » വ്യാജ ഹാജർ ചമച്ച് ശമ്പളം തട്ടി; ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ ശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി.
court

കുവൈത്തിൽ വ്യാജ ഫിംഗർപ്രിന്റ് ഹാജർ രേഖകൾ ചമച്ച് കോടിക്കണക്കിന് രൂപ ശമ്പളമായി കൈപ്പറ്റിയ കേസിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് ലഭിച്ച കഠിനതടവും പിഴയും അപ്പീൽ കോടതി ശരിവെച്ചു. മന്ത്രാലയത്തിലെ ഇലക്ട്രോണിക് ഹാജർ സംവിധാനത്തിൽ കൃത്രിമം കാട്ടി ജോലിക്ക് ഹാജരാകാതെ ഏകദേശം ഏഴ് കോടി രൂപ (2.6 ലക്ഷം കുവൈത്തി ദിനാർ) തട്ടിയെടുത്തെന്നാണ് കേസ്. ഹാജർ രേഖകളിൽ ഇളവ് നൽകാനും വ്യാജ രേഖകൾ സൃഷ്ടിക്കാനും ഒത്താശ ചെയ്ത ഒന്നാം പ്രതിക്കും, ലക്ഷക്കണക്കിന് ദിനാർ അനധികൃതമായി കൈപ്പറ്റിയ മറ്റ് രണ്ട് പ്രതികൾക്കും ഏഴ് വർഷം കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്.

ശിക്ഷിക്കപ്പെട്ട പ്രതികളെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കാനും കോടതി ഉത്തരവിട്ടു. മൂന്ന് പ്രതികൾക്ക് ജയിൽ ശിക്ഷ ലഭിച്ചപ്പോൾ, നാലാം പ്രതിക്ക് നിശ്ചിത തുകയുടെ ഗ്യാരണ്ടിയിൽ ഒരു വർഷത്തേക്ക് നല്ല പെരുമാറ്റം ഉറപ്പുനൽകുന്ന വ്യവസ്ഥയിൽ തടവ് ഒഴിവാക്കി നൽകിയിട്ടുണ്ട്. എന്നാൽ ഇയാളെയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും പിഴ ചുമത്തുകയും ചെയ്തു. ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധിയിൽ മാറ്റം വരുത്താൻ അപ്പീൽ കോടതി തയ്യാറാകാത്തതോടെ കുറ്റവാളികൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ വലിയ ചർച്ചയായ സംഭവമാണിത്