തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം കൊയ്ത വിജയ്യെയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെയും അഭിനന്ദിച്ച് നടി ഖുശ്ബു സുന്ദർ രംഗത്തെത്തി. തന്റെ ‘സഹോദരൻ’ എന്ന് വിജയ്യെ വിശേഷിപ്പിച്ച ഖുശ്ബു, യഥാർത്ഥ ജനനായകനായി അദ്ദേഹം തമിഴ്നാടിനെ നയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജെപി നേതാവ് കൂടിയായ ഖുശ്ബു തന്റെ ഹൃദയംഗമമായ ആശംസകൾ അറിയിച്ചത്.
ഖുശ്ബുവിന് പുറമെ സിനിമാ ലോകത്തെ വലിയൊരു നിര തന്നെ വിജയ്യുടെ രാഷ്ട്രീയ വിജയത്തിൽ അഭിനന്ദനങ്ങളുമായെത്തി. രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി തുടങ്ങി എ.ആർ. റഹ്മാനും സൂര്യയും ഉൾപ്പെടെയുള്ള പ്രമുഖർ വിജയ്യുടെ അരങ്ങേറ്റത്തിലെ ഉജ്ജ്വല നേട്ടത്തെ പ്രശംസിച്ചു.
അതേസമയം, ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റു. മധുര സെൻട്രലിൽ നിന്ന് എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച സുന്ദർ സി പരാജയപ്പെടുകയായിരുന്നു. തന്റെ ഭർത്താവിന്റെ പരാജയത്തിനിടയിലും വിജയ്യുടെ വിജയത്തെ ഖുശ്ബു പരസ്യമായി ആഘോഷിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
