Home » Blog » Kerala » നാല് വയസ്സുകാരി കൊല്ലപ്പെട്ട കേസ്; വിചാരണ ഉടൻ പൂർത്തിയാക്കാൻ അതിവേഗ കോടതിയിലേക്ക് മാറ്റുന്നു
court

നസ്രാപൂർ ബലാത്സംഗ-കൊലപാതക കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് മഹാരാഷ്ട്ര സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്നും പ്രതിക്ക് നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. സഞ്ജയ് പുരാണിക് വ്യക്തമാക്കി.

 

മെയ് ഒന്നിന് പൂനെ ഭോർ താലൂക്കിലെ നസ്രാപൂരിൽ നാല് വയസ്സുകാരിയെ 65-കാരനായ ഭീംറാവു കാംബ്ലെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. പ്രതിയെ പൂനെ റൂറൽ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി മെയ് 7 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പോക്സോ, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അന്വേഷണം വേഗത്തിലാക്കാൻ രണ്ട് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറംഗ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു. പ്രതിയുടെ വൈദ്യപരിശോധനകളും കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഈ സംഭവത്തെത്തുടർന്ന് മേഖലയിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇരയുടെ കുടുംബത്തിന് അർഹമായ സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തു.