Home » Blog » kerala Max » സമൂഹമാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങൾ മോഷ്ടിച്ച് മോർഫിംഗ്; മലപ്പുറത്ത് യുവാവിനെ പൊക്കി പോലീസ്; വൻ റാക്കറ്റെന്ന് സംശയം
police-1-680x450

സോഷ്യൽ മീഡിയയിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെ (25) പരപ്പനങ്ങാടി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിലും മറ്റും സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി വികൃതമാക്കിയ ശേഷം ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങിയാണ് ഇയാൾ കൈമാറിയിരുന്നത്. അഞ്ച് വയസ്സുള്ള കുട്ടികൾ മുതൽ നാൽപ്പത് വയസ്സുള്ള സ്ത്രീകൾ വരെ ഇയാളുടെ സൈബർ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്റെ ഈ നിർണായക നീക്കം.

കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്ത് ടെലഗ്രാം ഗ്രൂപ്പിൽ മോർഫ് ചെയ്ത ചിത്രം കാണാനിടയായതാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പ്രതിയുടെ ഫോണിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി സന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലുമായി ഇയാൾക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.