നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം നേതൃത്വം പല പ്രമുഖ നേതാക്കളെയും വെട്ടിനിരത്തിയെന്ന് പി.വി. അൻവർ. എ.എൻ. ഷംസീർ ഇതിന്റെ ഇരയാണെന്നും കെ.കെ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിലേക്ക് മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. കുടുംബാംഗങ്ങൾക്കെതിരായ കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവുമായി രഹസ്യബന്ധം ഉണ്ടാക്കിയെന്ന് അൻവർ കുറ്റപ്പെടുത്തി.
“ഇടതുപക്ഷത്തെ സംഘിയുടെ കാലിൽ കെട്ടിയ ഒറ്റുകാരനായി പിണറായി വിജയൻ അറിയപ്പെടും. കേരളത്തിലുടനീളം പിണറായി വിരുദ്ധത പ്രകടമാണ്. ധർമ്മടത്ത് അദ്ദേഹം വിജയിച്ചാൽ പോലും അത് തോറ്റതിന് തുല്യമായ ജയമായിരിക്കും” അൻവർ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ തനിക്ക് കഴിഞ്ഞുവെന്നും അത് കോഴിക്കോട് ജില്ലയിൽ ഗുണം ചെയ്തുവെന്നും അൻവർ അവകാശപ്പെട്ടു. തോറ്റാൽ മൊട്ടയടിക്കാൻ റിയാസിനെ വെല്ലുവിളിച്ചിരുന്നുവെന്നും താൻ ഒരു കമ്മൽ കൂടി ഇടാമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ വൻ അഴിമതി നടന്നിട്ടുണ്ട്. കോടികൾ അടിച്ചുമാറ്റിയതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം. സി.പി.ഐ.എം സ്ഥാനാർത്ഥികളായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ‘പിണറായിസത്തിനെതിരെ’ മത്സരിച്ചവരാണെന്ന് അൻവർ പറഞ്ഞു. കോൺഗ്രസിൽ പല പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് പോസിറ്റീവാണ്. രാഹുൽ ഗാന്ധിക്ക് വേണമെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
