കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ പലയിടത്തും അക്രമം. ഛപ്രയിൽ മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പോളിങ് ഏജൻ്റിന് നേരെ ആക്രമണമുണ്ടായതെന്ന് സ്ഥാനാർഥിയായ സയ്ക്കത്ത് സർക്കാർ പറഞ്ഞു.
വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങൾ ഉണ്ടായതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. നദിയ ജില്ലയിലെ ഛപ്രയിൽ പോളിങ് ഏജൻ്റിനെ തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) ബന്ധമുള്ളവർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു. ശാന്തിപുരിൽ ബിജെപിയുടെ ക്യാമ്പ് ഓഫീസ് തകർത്തതിനെ തുടർന്ന് സംഘർഷസാധ്യത നിലനിൽക്കുന്നതായും പൊലീസ് പറഞ്ഞു.
