Home » Blog » kerala Max » ആ പഴയ വീര്യം വീണ്ടെടുക്കുമോ?” കിരീടമില്ലാത്ത വർഷങ്ങൾ അവസാനിപ്പിക്കാൻ ഇറങ്ങുന്ന ബ്രസീലിന് പരിക്കിന്റെ വിന
images (4)

2002-ൽ റൊണാൾഡോയും റൊണാൾഡിന്യോയും ചേർന്ന് ജർമ്മനിയെ തകർത്ത് അഞ്ചാം കിരീടം ചൂടിയതിന് ശേഷം ബ്രസീലിന് മറ്റൊരു ലോകകപ്പ് കിരീടം സ്വന്തമാക്കാനായിട്ടില്ല. ആറാം കിരീടം തേടി ഇത്തവണ മൈതാനത്തിറങ്ങുമ്പോൾ, പ്രധാന താരങ്ങളുടെ പരിക്ക് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയാകുകയാണ്.

മുന്നേറ്റ നിരയിലെ കരുത്തനായ റോഡ്രിഗോയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പായി. കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പ്രതിരോധ നിരയിലെ വിശ്വസ്തൻ ഏഡെർ മിലിറ്റാവോയും ഈ ലോകകപ്പിൽ കളിക്കില്ല. കഴിഞ്ഞയാഴ്ച സ്പാനിഷ് ലീഗിൽ കളിക്കുന്നതിനിടെയാണ് മിലിറ്റാവോയ്ക്ക് പരിക്ക് പറ്റിയത്. കൂടാതെ, ഭാവിവാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്തൊമ്പതുകാരൻ വിങ്ങർ എസ്തവായോയ്ക്കും പരിക്കേറ്റത് ബ്രസീലിന്റെ വലതുവിങ്ങിലെ നീക്കങ്ങളെ ബാധിച്ചേക്കും.

സൂപ്പർ താരം നെയ്മർ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും പൂർണ്ണമായ കായികക്ഷമത വീണ്ടെടുക്കാൻ പാടുപെടുകയാണ്. നിലവിൽ ബ്രസീലിയൻ ക്ലബ്ബ് സാന്റോസിൽ കളിക്കുന്ന നെയ്മർ ടീമിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനാണ്. അവസാന മൂന്ന് ലോകകപ്പുകളിലും ടീമിന്റെ നട്ടെല്ലായിരുന്ന നെയ്മർക്ക് ഇത്തവണ എത്രത്തോളം തിളങ്ങാനാകുമെന്നത് കണ്ടറിയണം. ജൂൺ ഒന്നിനാണ് 26 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കേണ്ടത്. അതിനുള്ളിൽ പ്രധാന താരങ്ങളെ സജ്ജമാക്കാനുള്ള കഠിനശ്രമത്തിലാണ് പരിശീലകൻ.

ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം ജൂൺ 14-നാണ്. കരുത്തരായ മൊറോക്കോയാണ് എതിരാളികൾ. തുടർന്ന് 20-ന് ഹെയ്ത്തിയെയും 25-ന് സ്കോട്ട്‌ലൻഡിനെയും ബ്രസീൽ നേരിടും. പ്രധാന താരങ്ങളുടെ അഭാവത്തിലും യുവനിരയുടെ കരുത്തിൽ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.