Your Image Description Your Image Description

കോയമ്പത്തൂര്‍: തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം രാജി വയ്ക്കുന്നത് സ്ഥിരീകരിച്ച് കെ. അണ്ണാമലൈ. ദേശീയതലത്തിലെ പുനഃസംഘടനയുടെ ഭാഗമായി, സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ താനില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.

‘തമിഴ്‌നാട് ബിജെപിയില്‍ മത്സരമില്ല. നേതാവിനെ പാർട്ടി ഏകകണ്ഠമായി തിരഞ്ഞെടുക്കും. ഞാന്‍ മത്സരത്തിലില്ല. ബിജെപി അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഞാനില്ല’, അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-അണ്ണാ ഡിഎംകെ സഖ്യം തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അണ്ണാമലൈ സ്ഥാനമൊഴിയുന്നത് സ്ഥിരീകരിക്കുന്നത്. ദേശീയ തലത്തിലെ പുനഃസംഘടനയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. അണ്ണാമലൈ തുടരുമോ എന്ന കാര്യത്തിലായിരുന്നു ആകാംക്ഷ. 2023-ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു അണ്ണാഡിഎംകെ ബിജെപിയുമായുള്ള സഖ്യം വിട്ടത്.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി നേരത്തെ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് സഖ്യം തിരികെവരുന്നുവെന്ന അഭ്യൂഹമുയര്‍ന്നത്. അണ്ണാമലൈയും പളനിസ്വാമിയും ഗൗണ്ടര്‍ വിഭാഗത്തില്‍നിന്നുള്ള നേതാക്കളാണ്. സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമായിക്കൂടെയാണ് അണ്ണാമലൈയെ മാറ്റുന്നതെന്നും വിലയിരുത്തലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *