Home » Blog » Kerala » കനത്ത ചൂടിന് ആശ്വാസമായി മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
20

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ബുധനാഴ്ച നാല് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, സംസ്ഥാനത്ത് ചൂട് തുടരുകയാണ്. ഇന്നും നാളെയും (ശനി, ഞായര്‍) എവിടെയും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെങ്കിലും, ഉയര്‍ന്ന താപനില തുടരാനാണ് സാധ്യത. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലത്ത് 30 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയർന്ന ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ കടുത്ത അസ്വസ്ഥതയും ചൂടും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.