ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ “ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്” പ്രസ്താവനയെ പരിഹസിച്ച് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ. ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞ സാഹചര്യത്തിലാണ് പരിഹാസവുമായി ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ Islamic Republic of Iran Broadcasting (IRIB) ട്രംപിന്റെ വീഡിയോ പങ്കുവെച്ച് “ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു” എന്ന് പരിഹസിച്ചത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ വളരെ വിജയകരമായി മുന്നേറുകയാണെന്നും ഉടൻ ഒരു കരാർ പ്രഖ്യാപിക്കാമെന്നുമായിരുന്നു മാധ്യമങ്ങൾക്കുമുന്നിലെ ട്രംപിന്റെ അവകാശവാദം. കരാർ നടപ്പായാൽ അമേരിക്കയ്ക്ക് സൗജന്യമായി എണ്ണ ലഭിക്കുകയും ഹോർമുസ് വഴിയുള്ള ഗതാഗതം പൂർണമായും സ്വതന്ത്രമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആഗോള എണ്ണവില മുൻ നിലയേക്കാൾ താഴെയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. “എല്ലാം നല്ല രീതിയിൽ നടക്കും” എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഈ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഐആർഐബി ഒരു പേർഷ്യൻ പഴമൊഴി ഉദ്ധരിച്ച് ട്രംപിനെ പരിഹസിച്ചു., “The camel dreams of cottonseed, sometimes gulping it down, sometimes eating it grain by grain’’(ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലപ്പോൾ അത് വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി അതിനെ തിന്നുന്നു). യാഥാർത്ഥ്യത്തിൽ നടക്കാൻ സാധ്യത കുറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള അമിത പ്രതീക്ഷകളെ സൂചിപ്പിക്കുന്നതാണ് ഈ പഴമൊഴി. അതേസമയം, ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ് എന്ന സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.
