Home » Blog » Kerala » “യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചിട്ടില്ല, അത്തരമൊരു ചർച്ചയോ, ധാരണയോ ഉണ്ടായിട്ടില്ല” ; ട്രംപിന്റെ വാദം തള്ളി ഇറാൻ
3

വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രം​ഗത്ത്. യുഎസുമായി അത്തരത്തിലൊരു ധാരണയോ, ചർച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ അവകാശവാദം നുണയാണെന്നും അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നുമാണ് ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കയിലേക്കുള്ള ആണവ ഉത്പന്നങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ പൂർണമായും തള്ളി ഇറാൻ രംഗത്തെത്തുകയായിരുന്നു.

ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ട് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. ട്രംപ് പറയുന്നത് നുണയാണെന്നും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇനിയുള്ള ചർച്ചകളുടെ പുരോ​ഗതി ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.