ടെഹ്റാൻ: യുഎസിന്റെ സന്ദേശം ധരിപ്പിക്കാനും രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക് കളമൊരുക്കാനുമായി പാക് സൈനിക മേധാവി അസിം മുനീർ അടങ്ങുന്ന പ്രതിനിധി സംഘം ഇറാനിൽ എത്തിയതായി റിപ്പോർട്ട്. ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വിയും സംഘത്തിലുണ്ടെന്ന് പാക് സൈന്യം പ്രസ്താവനയിൽ കൂടി അറിയിച്ചു.
അതേസമയം, ഇറാൻ -യുഎസ് രണ്ടാംഘട്ട സമാധാന ചർച്ച വ്യാഴാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടിയാണ് അസിം മുനീർ ഇറാനിലെത്തിയിരിക്കുന്നതെന്നാണ് വിവരം. ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് രണ്ടാംഘട്ട ചർച്ചകൾക്കായുള്ള ഉചിതമായ സമയം നിശ്ചയിക്കേണ്ടതുണ്ട്. കൂടാതെ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഫോക്സ് ന്യൂസിലെ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് ലക്ഷ്യങ്ങൾ കൈവരിച്ചെന്നും ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
