പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വിഷു ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ക്ലബിലെ അംഗങ്ങളെല്ലാവരും കൂടി പടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു ദുരന്തമുണ്ടാകുന്നത്.
ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശിയായ ദിലീപാണ് മരിച്ചത്. ദിലീപിന്റെ കൈയിൽ ഒന്നിലേറെ ഗുണ്ടുകളുണ്ടായിരുന്നു. കൈയിൽ ചേർത്തുപിടിച്ചിരുന്ന ഗുണ്ടിലേക്ക് തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു. തുടർന്ന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ദിലീപിന് അതീവഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
