കണ്ണൂർ: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിവന്ന് സംസ്ഥാനത്തെ നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്, തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ തന്നെ വേണുഗോപാൽ മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കണമെന്ന സൂചന നൽകി സുധാകരൻ നിലപാട് വ്യക്തമാക്കിയത്.
ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി നിർണായക ചുമതലകൾ നിർവഹിക്കുമ്പോഴും, കേരള രാഷ്ട്രീയത്തിൽ വേണുഗോപാലിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി സുധാകരൻ ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള പ്രവർത്തകരെ ഉണർത്താനും സ്ഥാനാർഥികൾക്ക് ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടർന്ന് കേരളത്തെ നയിക്കാൻ കെ.സി. വേണുഗോപാലിന് കഴിയും എന്ന വിശ്വാസം പ്രവർത്തകർക്കിടയിൽ ശക്തമാണെന്നും സുധാകരൻ പറയുന്നു. ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, പ്രവർത്തന പാരമ്പര്യത്തിലാണ്. താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന വേണുഗോപാലിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്നും സുധാകരൻ കുറിച്ചു. പ്രതിസന്ധികളിൽ ഉറച്ച നിലപാടും പ്രവർത്തകരോടുള്ള വിനയവുമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം പറയുന്നു.
വെറും ഒരു നേതാവെന്നതിലുപരി പ്രവർത്തകരുടെ സഹയാത്രികനായി നിലകൊള്ളാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ദേശീയ നേതൃത്വത്തിന് കരുത്തുപകരുന്നതുപോലെ തന്നെ കേരളത്തിലെ ജനങ്ങളെയും പ്രവർത്തകരെയും പ്രചോദിപ്പിച്ച് നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കെ.സി. വേണുഗോപാലിന് കഴിയട്ടെ എന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
