Home » Blog » kerala Max » അമേരിക്കയുടേത് തീക്കളി, ചെങ്കടലിൽ കപ്പലുകൾ തടയും; ഉപരോധത്തിനെതിരെ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
Flag-Iran

മേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ ചെങ്കടലിലും പേർഷ്യൻ ഗൾഫിലും കപ്പലുകളുടെ കയറ്റുമതി തടയുമെന്ന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവിക ഉപരോധം കടുക്കുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം. ഇറാന്റെ ആണവ പദ്ധതികളെയും ഹോർമുസ് വഴിയുള്ള ഗതാഗതത്തെയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക 13 പടക്കപ്പലുകളെയും പോർവിമാനങ്ങളെയും മേഖലയിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടയിലും അമേരിക്ക ഉപരോധമേർപ്പെടുത്തിയ ചൈനീസ് കപ്പൽ ഹോർമുസ് കടന്നത് പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

സംഘർഷ സാധ്യതകൾ നിലനിൽക്കുമ്പോഴും സമാധാന ചർച്ചകൾക്കും മധ്യസ്ഥ ശ്രമങ്ങൾക്കും മേഖലയിൽ വേഗത കൂടിയിട്ടുണ്ട്. വെടിനിർത്തൽ സാധ്യതകൾ ആരായുന്നതിനായി പാകിസ്ഥാൻ പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും. തുർക്കിയും സമാധാന ശ്രമങ്ങളിൽ പങ്കുചേരുന്നുണ്ട്. ഇറാനുമേലുള്ള ഉപരോധം സമാധാന ചർച്ചകളെയും വെടിനിർത്തൽ നീക്കങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇരുവിഭാഗവും ജാഗ്രത പാലിക്കുന്നതിനാൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ വിട്ടുവീഴ്ചാ നിർദ്ദേശങ്ങളും സജീവമാണ്. ആണവ പദ്ധതിയിൽ പത്തു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്താമെന്ന ഇറാന്റെ നിർദ്ദേശത്തിന് പിന്നാലെ, ഇറാന്റെ യുറേനിയം ശേഖരം തങ്ങൾ സൂക്ഷിക്കാമെന്ന ഓഫർ റഷ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൈനയിലെത്തി ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. യുറേനിയം കൈമാറ്റത്തിലും ആണവപദ്ധതിയുടെ കാലാവധിയിലും ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന തീരുമാനങ്ങൾ മേഖലയിലെ സമാധാനത്തിന് നിർണായകമാകും.