1991 മേയ് 15ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു ആ കറുത്ത ദിനം. കോട്ടയം ആർപ്പൂക്കരയില്‍ പ്രചാരണ ജീപ്പില്‍ ബാബുചാഴിക്കാടനൊപ്പം സഞ്ചരിക്കവേയാണ് ജീപ്പില്‍ ഇടിമിന്നലേറ്റത്. ആത്മസുഹൃത്തായ ചാഴിക്കാടന്‍റെ ജീവന്‍ പൊലിഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല അത്ഭുതകരമായി രക്ഷപ്പെട്ടു. കുറെ ദിവസം ആശുപത്രിയിലും വീട്ടിലുമായി ചിലവിടേണ്ടിവന്നു. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായി. ആ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 62,622 വോട്ടുകൾക്ക് ജനതാദളിലെ തമ്പാൻതോമസിനെയാണ് ചെന്നിത്തല തോല്‍പ്പിച്ചത്. ചെന്നിത്തലയുടെ അത്ഭുതകരമായ ഈ രാഷ്ട്രീയ യാത്ര ഇക്കുറി കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇക്കുറി യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നുള്ള വിലയിരുത്തല്‍ ശക്തമായിരിക്കവേ മൂന്നു പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെയും. ചെന്നിത്തല തന്നെ വളര്‍ത്തിക്കൊണ്ടു വന്ന രണ്ട് നേതാക്കളാണ് മുഖ്യമന്ത്രി പദവിയിലേക്ക് ഉള്ള മത്സരത്തില്‍ ഒപ്പം ഉള്ളത് എന്നതും തീര്‍ത്തും യാദൃശ്ചികമാവാം.
അനുഭവങ്ങളുടെ കരുത്തിലെ രാഷ്ട്രീയ യാത്ര
ചെത്തിമിനുക്കിയെടുത്ത അനുഭവങ്ങളും ഭരണപരിചയവുമാണ് ചെന്നിത്തലയുടെ കരുത്ത്. അനുഭവസമ്പത്തിന്റെയും വിശ്വാസ്യതയുടെയും ഒരു രസക്കൂട്ടുകൂടിയാണ് ഈ രാഷ്ട്രീയ ജീവിതവും. അഞ്ചര പതിറ്റാണ്ടിന്റെ അഴിമതിയുടെ കറ പുരളാത്ത, പോരാട്ടങ്ങളുടെ ചരിത്രവും ഈ രാഷ്ട്രീയ ജീവിതത്തിന് അകമ്പടി സേവിക്കുകയും ചെയ്യുന്നു. ഏറ്റവും താഴെത്തട്ടില്‍ നിന്നും അനിതസാധാരണമായ നേതൃപാടവം കൊണ്ടു മാത്രം പടവുകള്‍ കയറിയാണ് ചെന്നിത്തല എത്തിയത്. എന്‍എസ് യുവിന്റെയും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ദേശീയ പ്രസിഡന്റ് തലം വരെ എത്തുകയും ചെയ്തു. ഈ കഴിവുകള്‍ കണ്ടറിഞ്ഞ പാര്‍ട്ടി ദേശീയ തലത്തില്‍ അദ്ദേഹത്തെ നിരവധി ചുമതലകള്‍ ഏല്‍പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ചുമതലകള്‍ അടക്കമുള്ളവ അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. മുന്നില്‍ നിന്നു നയിച്ചും പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിച്ചും സംഘടനയെ കെട്ടിപ്പടുത്ത ചെന്നിത്തലയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് ഏതു രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും ആവേശം പകരുന്നതാണ്.
2005 ലെ പിളര്‍പ്പ് അഗ്നിപരീക്ഷ
2005 ലെ പിളര്‍പ്പ് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഗ്നി പരീക്ഷയായിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായിരുന്ന ലീഡര്‍ കെ. കരുണാകരന്‍ കോണ്‍ഗ്രസിനെ പിളര്‍ത്തിയപ്പോള്‍ അണികളെ ഒപ്പം നിര്‍ത്തേണ്ട ചുമതല അന്ന് താരതമ്യേന ജൂനിയറായിരുന്ന രമേശ് ചെന്നിത്തലയ്ക്കായിരുന്നു. അണികള്‍ കൂടുവിട്ടു പോകാതിരിക്കാന്‍ വിശ്വാസ്യതയുള്ള കരുത്തുറ്റ ഒരു നേതൃത്വം വേണമായിരുന്നു. അന്ന് കെ.പിസിസി അധ്യക്ഷന്‍ ആയിരുന്ന രമേശ് ചെന്നിത്തല കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു. പ്രവര്‍ത്തകരെ കണ്ടു സംസാരിച്ചു. പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തി. അവര്‍ക്ക് ആശയും ആവേശവും ആത്മവിശ്വാസവും പകര്‍ന്നു. കോണ്‍ഗ്രസിന്റെ അന്ത്യമാകും എന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയ ഏറ്റവും വലിയ വിമതനീക്കത്തില്‍ നിന്ന് കാര്യമായ പരുക്കേല്‍ക്കാതെ കോണ്‍ഗ്രസിനെ ചെന്നിത്തല പിടിച്ചു നിര്‍ത്തി. കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ്, എന്നിവയ്‌ക്കൊപ്പം ഐഎന്‍ടിയുസി, മഹിളാ കോണ്‍ഗ്രസ് തുടങ്ങി എല്ലാ സംഘടനകളും ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം കാര്യമായ പങ്കു വഹിച്ചു.
എന്‍ജിഒ അസോസിയേഷന്‍ പോലെ സര്‍വീസ് സംഘടനകളെ പുനരുദ്ധരിക്കുന്നതിലും പാര്‍ട്ടി പത്രമായ വീക്ഷണത്തെ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടു വരാനും പാര്‍ട്ടിയുടെ പബ്‌ളിക്കേഷന്‍ വിഭാഗത്തെയും സാംസ്‌കാരിക വിഭാഗത്തെയും ശക്തിപ്പെടുത്താനും ഈ കാലയളവില്‍ ചെന്നിത്തലയ്ക്കു കഴിഞ്ഞു. വിദേശ മലയാളികളെ സംഘടിപ്പിച്ചു കൊണ്ടാരംഭിച്ച ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസിനു തുടക്കമിട്ട അദ്ദേഹം ജയ് ഹിന്ദ് എന്ന പാര്‍ട്ടി ചാനലിന്റെയും മുഖ്യ പ്രേരക ശക്തിയായി. ഭരണതലത്തിലേക്കുള്ള രമേശ് ചെന്നിത്തലയുടെ വളര്‍ച്ച വളരെ ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചു. 28-ാം വയസില്‍ ഗ്രാമവികസന മന്ത്രിയായി. പിന്നീട് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി. കേരളത്തിന്റെ ഏറ്റവും മികച്ച ആഭ്യന്തര മന്ത്രി എന്നു വിളിക്കപ്പെടുന്ന തരത്തില്‍ ഭാവനാസമ്പന്നമായ പദ്ധതികള്‍ അദ്ദേഹം ഈ കാലയളവില്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. നാലു വട്ടം പാര്‍ലമെന്റംഗവും നാലു വട്ടം നിയമസഭാ സാമാജികനുമായി.
ശ്രദ്ധേയനായ പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്ന 2016 മുതല്‍ 2021 വരെയുള്ള കാലഘട്ടം വളരെ ശ്രദ്ധേയമായി. ഭരണകക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തുകയും സര്‍ക്കാരിന്റെ മിക്ക തീരുമാനങ്ങളും ഒറ്റയാള്‍ പോരാട്ടത്തിലൂടെ തിരുത്തിക്കുകയും ചെയ്ത സമാനതകളില്ലാത്ത പ്രതിപക്ഷനേതാവായിരുന്നു രമേശ് ചെന്നിത്തല. സുതാര്യതയില്ലാതെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓരോ തീരുമാനങ്ങള്‍ക്കെതിരെയും ചെന്നിത്തല പൊരുതി. സ്പ്രിംഗ്‌ളര്‍ ഡാറ്റാ, ആഴക്കടല്‍ മത്സ്യബന്ധനം, ബ്രുവറി വിഷയത്തിലെല്ലാം അദ്ദേഹത്തിന്റെ വാള്‍മുന ഉയര്‍ന്നു. നിയമസഭയിലെ ആരോപണങ്ങളില്‍ നിന്നും കോടതിമുറിയിലെ യുദ്ധങ്ങളായി അവ മാറി. സര്‍ക്കാര്‍ സ്ഥിരമായി സുക്ഷ്മപരിശോധനയ്ക്കു വിധേയമാക്കപ്പെട്ടു. ഗത്യന്തരമില്ലാതെ നിരവധി തിരുമാനങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ച് ഒളിച്ചോടേണ്ട അവസ്ഥ സര്‍ക്കാരിനുണ്ടായി. ഏറ്റവും മികച്ച രീതിയില്‍ അദ്ദേഹം പ്രതിപക്ഷത്തെ നയിച്ചു.
വന്‍ വിജയമായി ഓപറേഷന്‍ കുബേര
സമൂഹത്തിലെ താഴെ തട്ടിലുള്ള മനുഷ്യര്‍ക്കു കൈത്താങ്ങാകുന്ന തരത്തിലായിരുന്നു സാമൂഹ്യ ഇടപെടലുകളോരോന്നും. പാവപ്പെട്ട കുടുംബങ്ങള്‍ ബ്‌ളേഡ് മാഫിയയുടെ കരാളഹസ്തങ്ങളില്‍ പെട്ട് തകരുകയും ആത്മഹത്യയിലഭയം പ്രാപിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍, ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹം നടപ്പാക്കിയ ഓപറേഷന്‍ കുബേര, ഈ മാഫിയാ സംഘത്തെ പൂര്‍ണമായും തകര്‍ക്കുകയും നൂറുകണക്കിന് കുടുംബങ്ങളില്‍ സന്തോഷത്തിന്റെ വെളിച്ചം തിരിച്ചു കൊണ്ടുവരികയും ചെയ്തു. ദളിത് ആദിവാസിസമൂഹങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നടപ്പാക്കി വരുന്ന ഗാന്ധിഗ്രാമം പദ്ധതി ചെന്നിത്തലയുടെ സാമൂഹ്യ ബോധത്തിന്റെ ഉള്‍ക്കാഴ്ചയുടെ പ്രതിഫലനമാണ്. ആഭ്യന്തരമന്ത്രിയായിരിക്കെ ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്ത ചെന്നിത്തല കേരളം വീണ്ടും ലഹരിമരുന്നിന്റെ മാസ്മരിക വലയത്തില്‍ ചെന്നു വീഴാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും രംഗത്തിറങ്ങി. കേരളമൊട്ടാകെ ശക്തമായ പൊതുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന് സ്ഥാനമാനങ്ങള്‍ വേണ്ടി വന്നില്ല. സമാനതകളില്ലാത്ത സാമൂഹ്യ ബോധവും ജനപിന്തുണയും മാത്രം മതിയായിരുന്നു. അദ്ദേഹത്തിന്റെ ‘വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ്’ കേരള സമൂഹത്തെ ഒരുമിച്ചു നിര്‍ത്തി. ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്തു. കേരളസര്‍ക്കാര്‍ അടക്കം അദ്ദേഹത്തിന്റെ ശ്രമങ്ങളെ കലവറയില്ലാതെ പ്രശംസിച്ചു.
അനിതരസാധാരണമായ നേതൃപാടവം
ഒരു നേതാവിന്റെ നേതൃമൂല്യം പരിചയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കാന്‍ കഴിയുന്ന ഒന്നല്ല. അതിനേക്കാളുപരി ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ മൂല്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അത് അളക്കേണ്ടത്. രാഷ്ട്രീയ സ്ഥൈര്യവും മാന്യതയും എല്ലാക്കാലവും ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അളവുകോലുകളായിരുന്നു. രാഷ്ട്രീയമായി അങ്ങേയറ്റം എതിര്‍ക്കുമ്പോഴും എതിരാളികളുമായി അദ്ദേശം മികച്ച വ്യക്തിബന്ധം വെച്ചുപുലര്‍ത്തി. നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമണങ്ങളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തി. ഈ കാലയളവില്‍ അഴിമതിയാരോപണങ്ങളിലോ സദാചാര പ്രതിസന്ധികളിലോ അദ്ദേഹം ചെന്നുപെട്ടില്ല. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ മാത്രമല്ല, മുന്നണി നേതൃത്വത്തെ ബാലന്‍സ് ചെയ്തു കൊണ്ടുപോകുന്നതിലും ചെന്നിത്തലയ്ക്കു മികച്ച നേതൃപാടവമുണ്ടായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ എല്ലാ സഖ്യകക്ഷികളേയും അദ്ദേഹം ഒരുമിച്ചു കൊണ്ടുപോയി. യുഡിഎഫ് സഖ്യസംവിധാനം ഏറ്റവുമധികം ശക്തിപ്രാപിച്ചതും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു. മലയാളം, ഇംഗ്‌ളീഷ് ഹിന്ദി തുടങ്ങി മുന്നു ഭാഷകളിലും ഒരേ പോലെ പ്രാവീണ്യമുള്ളയാളാണ് ചെന്നിത്തല. മാധ്യമങ്ങളോടുള്ള പക്വമായ ഇടപെടലും പ്രതികരണങ്ങളും പൊതു ഇടങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റവും പക്വതയുള്ള ഒരു നേതൃത്വത്തിന്റെ ഭാഷയും സാന്നിധ്യവും മുന്നോട്ടു വെയ്ക്കുന്നു.
യുഡിഎഫ് അധികാരത്തിലേക്കു തിരിച്ചെത്തുമ്പോള്‍ ജനത്തിന്റെ പ്രതീക്ഷകള്‍ അസാധാരണമാം വിധം ഉയര്‍ന്നതാണ്. അതു കൊണ്ടു തന്നെ വെറുമൊരു നേതൃത്വമല്ല, മറിച്ച് പകരം വെക്കാനില്ലാത്ത ഒരു നേതൃത്വമാണ് ആവശ്യം. മറ്റാര്‍ക്കും അനുകരിക്കാനാകാത്ത നേതൃഗുണങ്ങളുടെ അസാധാരണമായ ഒരു കോംബിനേഷനാണ് രമേശ് ചെന്നിത്തല മുന്നോട്ടു വെയ്ക്കുന്നത്.
– ഏറ്റവും അടിത്തട്ടില്‍ തുടങ്ങി ദേശീയ നേതൃത്വം വരെ എത്തിയ രാഷ്ട്രീയ ജീവിതം
– പാര്‍ട്ടിയെ പുനരുദ്ധീകരിച്ചും പാര്‍ട്ടിഘടകങ്ങളെ ശക്തിപ്പെടുത്തിയും തെളിയിച്ച കരുത്ത്
– ആഴത്തിലുള്ള ഭരണപരിചയവും നിയമനിര്‍മ്മാണ പരിചയവും
– ഉത്തരവാദിത്തവും മൂല്യബോധവുമുള്ള പ്രതിപക്ഷനേതാവ്
– സമൂഹ്യപ്രതിബദ്ധയില്‍ ഊന്നിയുള്ള ഭരണനിര്‍വഹണം
– ഘടകക്ഷികളെ കൈകാര്യം ചെയ്യാനുള്ള രാഷ്ട്രീയ ശേഷി
– അഴിമതിയുടെ കറ പുരളാത്ത സംശുദ്ധ രാഷ്ട്രീയ ജീവിതം
ഇന്ന് കേരളത്തിനും കോണ്‍ഗ്രസിനും യുഡിഎഫിനു പൊതുവേയും ആവശ്യമുള്ള നേതൃത്വത്തിന്റെ സ്വാഭാവികമായ ചോയിസായി മാറുകയാണ് രമേശ് ചെന്നിത്തല. സാധാരണക്കാരുടെ ഹൃദയം തൊടുന്ന, സമൂഹിക പ്രതിബദ്ധതയുള്ള, അഴിമതിക്കറ പുരളാത്ത, വിവാദങ്ങളില്ലാത്ത, കഴിവു തെളിയിച്ച നേതൃത്വമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാക്കുന്നത്.
