Home » Blog » Kerala » അരുണാചൽ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേര് നൽകുന്ന ചൈനീസ് നടപടി; അപലപിച്ച് ഇന്ത്യ
14

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരു നൽകുന്ന നീക്കം ചൈന തുടരുന്നതിനെ ശക്തമായി അപലപിച്ചു ഇന്ത്യ. ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലിനു തടസ്സമാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. സാങ്കൽപിക പേരുകൾ നൽകി അടിസ്ഥാനമില്ലാത്ത കഥകൾ പ്രചരിപ്പിച്ചതുകൊണ്ടു യാഥാർഥ്യത്തെ മറിച്ചിടാമെന്നത് വ്യാമോഹമാണെന്നും ഇന്ത്യ പ്രതികരിച്ചു.

അടുത്തിടെ ചൈന പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയിലുള്ള പല സ്ഥലങ്ങൾക്കും പുതിയ പേരു നൽകിയിട്ടുണ്ട്. ഇതിനോടാണു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. 2017ൽ 6 സ്ഥലങ്ങൾക്കും 2021ൽ 15 സ്ഥലങ്ങൾക്കും 2023ൽ 11 സ്ഥലങ്ങൾക്കും പുതിയ പേരിട്ട് ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം പട്ടിക പുറത്തിറക്കിയിരുന്നു. ടിബറ്റിന്റെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്ന വാദത്തിന് ശക്തി പകരാനാണ് ചൈനയുടെ ശ്രമം.