Home » Blog » Kerala » ‘ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തും’ ; മുന്നറിയിപ്പുമായി ട്രംപ്; ആഗോള സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലേക്ക്?
6

വാഷിങ്ടൺ: പാശ്ചാത്യേഷ്യയിൽ സംഘർഷം ശക്തമാകവേ ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും അനിശ്ചിതത്വത്തിലാഴ്ത്തി. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം, ഇതിനകം തന്നെ പ്രതിസന്ധിയിലായ അന്താരാഷ്ട്ര വ്യാപാര രംഗത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.

പാകിസ്താനിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നിലപാട്.
ഈ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന കപ്പലുകളാണെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ആഗോള എണ്ണവ്യാപാരത്തെ നിയന്ത്രിച്ച പെട്രോ ഡോളർ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നതിനും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കുന്നതിനുമായി പല രാജ്യങ്ങളും യുവാനിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നു. ഈ സാഹചര്യത്തിൽ ചൈനയെയും ഇറാനെയും ഒരേസമയം സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായി അമേരിക്കയുടെ പുതിയ തന്ത്രത്തെ കണക്കാക്കുന്നു. എന്നാൽ, സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധശേഷി ഇരുരാജ്യങ്ങളും ഇതിനകം തെളിയിച്ചിട്ടുള്ളത് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നു.

ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള വിപണിയിൽ വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്ന് ബാരലിന് 140 ഡോളർ കടന്നത് ഇതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ്. ഇതിന്റെ പ്രതികൂല ഫലമായി വളം, അലുമിനിയം, പ്ലാസ്റ്റിക്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ അനേകം അടിസ്ഥാനവസ്തുക്കളുടെ വിലയും ഉയർന്നു. സൗദി അറേബ്യയിലെ വ്യാവസായിക കേന്ദ്രങ്ങൾ നേരിട്ട ആക്രമണങ്ങൾ പാക്കേജിങ് സാമഗ്രികളുടെ ക്ഷാമത്തിനും കാരണമായതോടെ, ഭക്ഷ്യവിതരണ ശൃംഖലകളിലും തിരിച്ചടികൾ അനുഭവപ്പെടുന്നുണ്ട്.