Home » Blog » Kerala » വാഴയെ മറികടന്ന് ഭൂത് ബംഗ്ല; ടിക്കറ്റ് ബുക്കിംഗിൽ അക്ഷയ് കുമാർ ചിത്രത്തിന്റെ മുന്നേറ്റം
images - 2026-04-18T170934.369

ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച മുന്നേറ്റത്തിന് ശേഷം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ മലയാള ചിത്രം ‘വാഴ 2’ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിലീസിനെത്തിയ ബോളിവുഡ് ചിത്രം ‘ഭൂത് ബംഗ്ല’യാണ് വാഴയുടെ കുതിപ്പിന് കടുത്ത വെല്ലുവിളിയുയർത്തി ഒന്നാം സ്ഥാനത്തെത്തിയത്. ഏറെ നാളായി ഇന്ത്യൻ സിനിമയിൽ തന്നെ ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപനയിൽ ഒന്നാമതായി തുടരുകയായിരുന്നു വാഴ 2.

റിലീസ് ദിനമായ വ്യാഴാഴ്ച വാഴയുടെ ആധിപത്യം മറികടക്കാൻ ഭൂത് ബംഗ്ലയ്ക്ക് സാധിച്ചിരുന്നില്ല. അന്ന് 1.42 ലക്ഷം ടിക്കറ്റുകൾ വാഴ 2 വിറ്റഴിച്ചപ്പോൾ ഭൂത് ബംഗ്ലയ്ക്ക് 1.17 ലക്ഷം ടിക്കറ്റുകൾ മാത്രമേ നേടാനായുള്ളൂ. എന്നാൽ രണ്ടാം ദിനമായ വെള്ളിയാഴ്ച അക്ഷയ് കുമാർ – പ്രിയദർശൻ കൂട്ടുകെട്ടിന്റെ ഹൊറർ കോമഡി ചിത്രം വിസ്മയിപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. ബുക്ക് മൈ ഷോ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച മാത്രം 2.61 ലക്ഷം ടിക്കറ്റുകൾ ഭൂത് ബംഗ്ല വിറ്റഴിച്ചു. ഇതേസമയം 1.26 ലക്ഷം ടിക്കറ്റുകളാണ് വാഴ 2 വിന് നേടാനായത്.

നിലവിൽ ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടമാണ് വാഴ 2 കൊയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തിയ ചിത്രം എന്ന ഖ്യാതി ഇപ്പോൾ വാഴയ്ക്കൊപ്പമാണ്. ആഗോള ബോക്സ് ഓഫീസിൽ 200 കോടി എന്ന നാഴികക്കല്ലിന് തൊട്ടരികിലാണ് ചിത്രം. ഒരു ബോളിവുഡ് ചിത്രത്തോട് പൊരുതി ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപനയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത് മലയാള സിനിമയുടെ വർധിച്ചുവരുന്ന വിപണി സാധ്യതകളെയാണ് സൂചിപ്പിക്കുന്നത്. ഒരു മലയാളി സംവിധായകൻ ഒരുക്കിയ ഹിന്ദി ചിത്രം തന്നെ വാഴയ്ക്ക് എതിരാളിയായി എത്തി എന്നതും ശ്രദ്ധേയമാണ്.