Home » Blog » Kerala » ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; യുഎസിൻ്റെ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്
22

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍. യുഎസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പും നല്‍കി. വരണ്ട ചര്‍ച്ചകള്‍ക്കായി സമയം നഷ്ടപ്പെടുത്താന്‍ ഇല്ലെന്നാണ് ഇറാന്റെ നിലപാട്. ഇക്കാര്യം മധ്യസ്ഥത വഹിക്കുന്ന പാകിസ്താനെ അറിയിച്ചതായും ഇറാന്‍ വ്യക്തമാക്കി.

ഹോര്‍മുസ് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയാണെന്നാണ് ഇറാന്റെ ഐആര്‍ജിസി ഇന്ന് പ്രഖ്യാപിച്ചത്. ഉപരോധമെന്ന പേരില്‍ യുഎസ് കടല്‍ക്കൊള്ളയും മോഷണവുമാണ് നടത്തുന്നതെന്ന് ഐആര്‍ജിസി ആരോപിച്ചു. ഇക്കാരണത്താല്‍ ഹോര്‍മുസ് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങും. കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ സായുധസേനയുടെ കര്‍ശനമായ നിയന്ത്രണത്തിലായിരിക്കും. ഇറാനിലേക്കുള്ളതും ഇറാനില്‍ നിന്നുള്ളതുമായ കപ്പലുകള്‍ക്ക് പൂര്‍ണ സഞ്ചാര സ്വാതന്ത്ര്യം യുഎസ് അനുവദിക്കും വരെ ഹോര്‍മുസിലെ സ്ഥിതി തുടരും -ഐആര്‍ജിസിയുടെ ജോയിന്റ് മിലിറ്ററി കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഇന്നലെയാണ് തുറന്നത്. ലെബനാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെയായിരുന്നു നടപടി. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന കാലയളവില്‍ ഹോര്‍മുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഹോര്‍മുസ് ഇറാന്‍ തുറന്നെങ്കിലും യുഎസിന്റെ സൈനിക ഉപരോധം തുടരുമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതില്‍ ഇറാന്‍ ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുറന്നു 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് വീണ്ടും അടച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഊര്‍ജഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ ലോകമാകെ ഊര്‍ജപ്രതിസന്ധിക്ക് വരെ കാരണമായിരുന്നു.