Home » Blog » kerala Max » അസമിൽ ജനവിധി തേടുന്നത് 722 പേർ; അങ്കത്തട്ടിൽ 285 കോടീശ്വരന്മാർ; സ്ഥാനാർഥികളുടെ ആകെ ആസ്തി 2,352 കോടി!
IMG_20260407_184252

അസം നിയമസഭയിലേക്കുള്ള പോരാട്ടം  അവസാന ഘട്ടത്തിലാണ്., തെരഞ്ഞെടുപ്പ് ഗോദയിലുള്ള സ്ഥാനാർഥികളുടെ സാമ്പത്തിക വിവരങ്ങളും ക്രിമിനൽ പശ്ചാത്തലവും ആണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ആകെ മത്സരിക്കുന്ന 722 സ്ഥാനാർഥികളിലായി 2,352 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് സത്യവാങ്മൂലങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ 39 ശതമാനം പേരും, അതായത് 285 സ്ഥാനാർഥികൾ, ഒരു കോടിയിലധികം രൂപ ആസ്തിയുള്ള കോടീശ്വരന്മാരാണ്. സ്ഥാനാർഥികളുടെ ശരാശരി ആസ്തി 3.25 കോടി രൂപയായി കണക്കാക്കപ്പെടുന്നു.

​സമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഹൈലകണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ റോയ് ആണ്. 261 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. തൊട്ടുപിന്നിൽ 226 കോടി രൂപയുടെ ആസ്തിയുമായി ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവൻ മുഹമ്മദ് ബദറുദ്ദീൻ അജ്മൽ (ബിന്നകണ്ടി മണ്ഡലം) ഇടംപിടിച്ചു. അതേസമയം, ഹൈലകണ്ടിയിലെ സ്വതന്ത്ര സ്ഥാനാർഥികളായ ധ്രുബോ ചക്രബർത്തി, ജിബോൺ റോയ് എന്നിവർ തങ്ങൾക്ക് ആസ്തികളൊന്നുമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായ ഗൗതം നാഥിന്റെ ആകെ ആസ്തി വെറും 400 രൂപ മാത്രമാണ്. രാഷ്ട്രീയ പാർട്ടികൾ പരിശോധിക്കുമ്പോൾ ബിജെപി സ്ഥാനാർഥികളിൽ 88 ശതമാനം പേരും കോടീശ്വരന്മാരാണെന്നതും ശ്രദ്ധേയമാണ്.

​സാമ്പത്തിക വിവരങ്ങൾക്കൊപ്പം സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലവും ചർച്ചയാവുകയാണ്. മത്സരിക്കുന്നവരിൽ 14 ശതമാനം പേർ, അതായത് 102 പേർ, വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ 82 പേർക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലിംഗവിവേചനം നിഴലിക്കുന്ന കണക്കുകളാണ് സ്ഥാനാർഥി പട്ടികയിലുള്ളത്; ആകെ 722 പേരിൽ 663 പേരും പുരുഷന്മാരാണ്, വനിതാ പ്രാതിനിധ്യം വെറും 59-ൽ ഒതുങ്ങുന്നു. അസമിലെ 126 മണ്ഡലങ്ങളിലേക്കും നടക്കുന്ന ഈ തെരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.