മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ ലെന, തന്റെ ജീവിതവീക്ഷണങ്ങളും ആത്മീയമായ കണ്ടെത്തലുകളും എപ്പോഴും തുറന്നുപറയാറുള്ള വ്യക്തിയാണ്. ‘The Autobiography of God’ എന്ന പുസ്തകത്തിലൂടെ തന്റെ ഉള്ളിലെ ചിന്തകൾ വായനക്കാരിലെത്തിച്ച താരം, തന്റെ വിവാഹശേഷവും നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുകയാണ്. 2025-ൽ പ്രശാന്ത് നായരുമായുള്ള വിവാഹത്തിന് ശേഷവും ഈ ജന്മത്തിൽ തനിക്ക് കുട്ടികൾ വേണ്ടെന്ന തന്റെ പഴയ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ലെന പറയുന്നു. ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
തന്റെ പത്താം ക്ലാസ് പ്രായത്തിൽ തന്നെ എടുത്ത തീരുമാനമാണിതെന്ന് ലെന വെളിപ്പെടുത്തി. അമ്മയുടെ ആ കാലഘട്ടത്തിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കണ്ടപ്പോഴാണ് ഇത്തരമൊരു ചിന്ത തന്നിലുണ്ടായതെന്ന് താരം പറയുന്നു. കുട്ടികളുണ്ടായിരുന്നെങ്കിൽ തന്റെ ആത്മീയ യാത്രയ്ക്കോ കരിയറിനോ ഇത്രയധികം സമയം കണ്ടെത്താൻ കഴിയില്ലായിരുന്നുവെന്ന് ലെന വിശ്വസിക്കുന്നു. കുട്ടികൾ വേണമെന്നുണ്ടെങ്കിൽ കരിയറിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നും, അത് രണ്ടും കൂടി കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും താരം ചൂണ്ടിക്കാട്ടി.,
കുട്ടികൾക്ക് വേണ്ടി പൂർണ്ണമായി സമയം മാറ്റിവെക്കാൻ കഴിയാത്തവർ മാതാപിതാക്കളാകുന്നത് ശരിയല്ലെന്ന നിലപാടാണ് താരത്തിന്റേത്. ഇപ്പോൾ 45 വയസ്സിലേക്ക് കടക്കുന്ന തനിക്ക്, ഈ തീരുമാനത്തിൽ യാതൊരു ഖേദവുമില്ലെന്നും തന്റെ കരിയറിലും ആത്മീയ ജീവിതത്തിലും താൻ അതീവ സന്തുഷ്ടയാണെന്നും ലെന കൂട്ടിച്ചേർത്തു.
