Home » Blog » crime » കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; കുപിതനായ യുവാവ് വീടിന് തീയിട്ടു
5

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസൽ (28) തീയിട്ടത്.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ, വീട്ടുകാർ പണം നൽകാൻ തയ്യാറാകാതിരുന്നതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈ ഞരമ്പ് മുറിക്കാൻ ഫൈസൽ ശ്രമിച്ചു. ഇതിനിടെ, വീടിന് തീയിടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു.

ഇത് കേട്ട് ഭയന്ന ഷാജഹാനും ഭാര്യയും ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവർ മാറിയ സമയത്താണ് ഫൈസൽ വീടിന് തീയിട്ടത്. തീ പടർന്നതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചു. വലിയ സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. യുവാവിന്റെ അക്രമത്തിൽ വീട് പൂർണ്ണമായും നശിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.