Home » Blog » Kerala » ‘രഞ്ജിത്തിനെതിരെ ഉടനടി നടപടിയെടുത്തത് തിരഞ്ഞെടുപ്പായതുകൊണ്ട്, മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്’; വി.ഡി. സതീശൻ
21

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ സർക്കാർ ഉടനടി നടപടിയെടുത്തെന്ന പ്രതീതി ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പു കാലമായതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാടിൽ ഒരു കാർക്കശ്യവും നേരത്തേ ഉണ്ടായിട്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് ആയതുകൊണ്ട് ചെയ്യുന്നതാണ്. സംവിധായകൻ പി.ടി. കുഞ്ഞഹമ്മദിനെതിരായ പരാതി എത്ര ദിവസമാണ് മുഖ്യമന്ത്രി പൂഴ്ത്തിവച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി വി.ഡി. സതീശൻ പറഞ്ഞു. ‘‘ അത് പുറത്തു വിടാതിരിക്കേണ്ട കാരണമെന്താ? സർക്കാർ നിയോഗിച്ച ഒരു കമ്മിറ്റിയുടെ റിപ്പോർട്ട് എന്തുകൊണ്ട് പുറത്തു വിട്ടില്ല? അത് പുറത്തു വിടേണ്ടേ?’’– വി.ഡി. സതീശൻ ചോദിച്ചു. ജി. സുധാകരന് കോൺഗ്രസ് പിന്തുണ കൊടുത്ത വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇരട്ടത്താപ്പാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

ലീഗ് വിട്ട കെ.ടി. ജലീലിനെയും കോൺഗ്രസ് വിട്ട അബ്ദുറഹിമാനെയും സിപിഎം സ്ഥാനാർഥിയാക്കി. പക്ഷേ സിപിഎം വിട്ടു വരുന്നവരെ സ്ഥാനാർഥിയാക്കാന്‍ പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അത് എവിടുത്തെ ന്യായമാണ്? മുഖ്യമന്ത്രിയോട് ചോദിക്കുന്ന ചോദ്യത്തിന് മറുപടിയില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4.43 ലക്ഷം വീടുവച്ചെന്നു പറഞ്ഞപ്പോൾ 4000 വീടാണെന്നും, ഞാൻ നുണ പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവു ഹാജരാക്കിയപ്പോൾ അതിനു പിന്നെ മറുപടിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.