തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് ആരംഭിക്കുന്നു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലേക്കുമായി ഏപ്രിൽ 6 വരെ പത്രികകൾ സമർപ്പിക്കാം. രാഷ്ട്രീയ ഉറ്റുനോക്കുന്ന പ്രധാന വാർത്ത തമിഴ് വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് ഇന്ന് തന്നെ പത്രിക സമർപ്പിക്കുന്നു എന്നതാണ്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ ഉച്ചയ്ക്ക് മുമ്പായി അദ്ദേഹം പത്രിക നൽകും. തുടർന്ന് ഉച്ചയ്ക്ക് ശേഷം പെരമ്പൂരിൽ വിജയ് പങ്കെടുക്കുന്ന വലിയൊരു പൊതുയോഗവും നിശ്ചയിച്ചിട്ടുണ്ട്.
പെരമ്പൂരിന് പുറമെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയ് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഏപ്രിൽ രണ്ടിനായിരിക്കും അദ്ദേഹം പത്രിക സമർപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
