Your Image Description Your Image Description

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനിൽ അടുത്തിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 200 ലധികം പേർ മരിച്ചിരുന്നു എന്ന അവകാശ വാദം ഉന്നയിച്ച് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്.

“200 പേർ മരിച്ചുവെന്നതിന് എന്തെങ്കിലും തെളിവുണ്ടോ?” എന്നാണ് ജസ്റ്റിസുമാരായ ബി ആർ ഗവായി, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചത്.

റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ ബുദ്ധിമുട്ടിയ നിരവധി വീഡിയോകൾ എക്‌സിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും അവിടെ ഉണ്ടായിരുന്ന സാക്ഷികൾക്ക് റെയിൽവേ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ “അവർക്ക് കോടതിയെ സമീപിക്കാം,” എന്നാണ് ബെഞ്ച് പറഞ്ഞത്. അതേസമയം ബന്ധപ്പെട്ട അധികാരികൾ ഈ വിഷയം അവഗണിക്കുകയാണെന്ന് ഹർജിക്കാരൻ വിശ്വസിക്കുന്നുണ്ടോ എന്നും ബെഞ്ച് ചോദിച്ചു.

ഹർജി തള്ളിയ ബെഞ്ച്, ഹർജിക്കാരന് പരാതിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്ന് പറഞ്ഞു. കേസിൽ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കക്ഷി പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം ഈ വിഷയങ്ങളിൽ എടുത്ത തീരുമാനങ്ങളുടെ വിശദാംശങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികളോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 15 ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചിരുന്നു. മഹാ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളിൽ കയറാൻ കാത്തുനിന്ന യാത്രക്കാരുടെ അതിപ്രസരമാണ് ദുരന്തമായി പരിണമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *