വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ അമേരിക്കൻ ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്കും പങ്കു ചേർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് മസ്കും പങ്കാളിയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. യുദ്ധകാല പ്രതിസന്ധിയിൽ രണ്ട് രാജ്യത്തലവന്മാർ തമ്മിൽ നടത്തിയ സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയായത് അസാധാരണമാണെന്നും ‘ദ ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനേക്കുറിച്ച്, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിന് മേൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നതിനേക്കുറിച്ചായിരുന്നു നേതാക്കന്മാർ ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമെന്നും ന്യൂയോർക്ക് ടൈംസ് പറയുന്നു. ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് റിപ്പോർട്ട്. എന്നാൽ മസ്ക് എന്തുകൊണ്ട് ഈ ഫോൺ സംഭാഷണത്തിൽ ഉൾപ്പെട്ടുവെന്നോ ചർച്ചയിൽ ഏതുതരത്തിലുള്ള പങ്കാളിത്തമാണ് വഹിച്ചതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല. സർക്കാരിൽ ഒരുവിധത്തിലും പങ്കാളിത്തമില്ലാത്ത മസ്ക്, ഇത്തരമൊരു ഉന്നതതല ചർച്ചയിൽ പങ്കാളിത്തം വഹിച്ചത് നയതന്ത്ര കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ.
അതേസമയം, സ്പേസ്, ഊർജം തുടങ്ങി മസ്കിന് താൽപര്യമുള്ള മേഖലകളും പശ്ചിമേഷ്യൻ പ്രതിസന്ധി നേരിട്ട് ബാധിക്കുന്ന ഇന്ത്യയും ഗൾഫും ഉൾപ്പെടെയുള്ള മേഖലകളും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയിൽ തന്റെ ബിസിനസ് മേഖല വിപുലപ്പെടുത്താനുള്ള നീക്കത്തിലുമാണ് മസ്ക്. മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസ് ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ അനുമതി കാത്തുകിടക്കുകയുമാണ്.
